ഇനി ഭക്തിപടങ്ങള്‍ മാത്രം എടുക്കേണ്ട അവസ്ഥയിലെത്തുമോ കാര്യങ്ങള്‍ ! നിയമസഭ സമിതിയുടെ ശിപാര്‍ശയില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ബിജു മേനോന്‍…

സിനിമയില്‍ നിന്നു മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശിപാര്‍ശയില്‍ ആശ്ചര്യം പ്രകടിപ്പിച്ച് നടന്‍ ബിജു മേനോന്‍. ശിപാര്‍ശയെക്കുറിച്ചു സിനിമാ മേഖല കൂട്ടായി ആലോചിച്ചു നിലപാടെടുക്കണമെന്നും ബിജു മേനോന്‍ വ്യക്തമാക്കി. ഈ ശിപാര്‍ശ നടപ്പായാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്ന സിനിമയുടെ പ്രവര്‍ത്തകരുമായി പ്രസ് ക്ലബ് നടത്തിയ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സിനിമയിലെ സുനി എന്ന കഥാപാത്രവും ജീവിതത്തിലെ ബിജുമേനോന്‍ എന്ന കുടുംബനാഥനും രണ്ടാണ്. സിനിമയില്‍ കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന സുനിയല്ല, ജീവിതത്തില്‍ സ്വന്തം കുടുംബത്തോടു നല്ല ഉത്തരവാദിത്വമുള്ളയാളാണു താനെന്നും ബിജു മേനോന്‍ പറഞ്ഞു. വാണിജ്യ വിജയം നേടുന്ന സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. മലയാളിയുടെ ജീവിതത്തോട് ഏറെ അടുത്തു നില്‍ക്കുന്ന പ്രമേയം റിയലിസ്റ്റിക് ആയി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ സിനിമ നല്‍കുന്ന സന്തോഷം. സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ബിജു മേനോന്‍ പറഞ്ഞു.

Related posts