സീറ്റിനു വേണ്ടി പിള്ളയും സുരേന്ദ്രനും തമ്മില്‍ പോരു മുറുകുമ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം 19-ാം അടവ് പുറത്തെടുക്കുമെന്ന് സൂചന; പ്രയാര്‍ ഗോപാലകൃഷ്ണനെ പൊതു സ്വതന്ത്രനായി രംഗത്തിറക്കിയുള്ള പൂഴിക്കടകനോ ലക്ഷ്യം ?

പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ഥിത്വത്തിനായി പാര്‍ട്ടിക്കുള്ളില്‍ പോരു മുറുകുമ്പോള്‍ ഏവരെയും ഞെട്ടിക്കുന്ന നീക്കം ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് സൂചന. കെ.സുരേന്ദ്രനും പി.എസ് ശ്രീധരന്‍പിള്ളയും സീറ്റിനായി വടംവടി നടത്തുമ്പോള്‍ അത് എന്‍എസ്എസ് – എസ്എന്‍ഡിപി പോരായി മാറിയ സാഹചര്യത്തിലാണ് പുതിയ തന്ത്രം. ബിജെപി പൊതുസ്വതന്ത്രനായി മുന്‍ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇടഞ്ഞ് നില്‍ക്കുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കുകയും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുകയുമാണ് ഇതിലൂടെ ബി.ജെ.പി കേന്ദ്രനേതൃത്വം ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ശബരിമല വിഷയത്തില്‍ മനസുകൊണ്ട് ബിജെപിക്ക് ഒപ്പമായിരുന്നു. മാത്രമല്ല കോണ്‍ഗ്രസിന് വേണ്ടി സുപ്രീംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത് പ്രയാറാണ്.

അതിനാല്‍ തന്നെ പ്രയാറിനെ അനുനയിപ്പിച്ച് പൊതു സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ചരടുവലികളും തകൃതിയായി നടക്കുന്നുണ്ട്. പത്തനംതിട്ടയില്‍ മാത്രം ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാഞ്ഞതും അതിനാലാണെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രയാര്‍ സ്ഥാനാര്‍ത്ഥിയായാല്‍ എന്‍.എസ്.എസിനും എതിര്‍പ്പുണ്ടാകില്ല. എന്‍എസ്എസിന് ശ്രീധരന്‍ പിള്ളയോടാണ് താല്‍പര്യമെന്നും സൂചനയുണ്ട്.

പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം നാഷണല്‍ എക്സക്യൂട്ടീവ് അംഗം രാധാകൃഷ്ണ മേനോനെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് പറഞ്ഞ് വിട്ടിട്ടുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അനൗദ്യോഗികമായി പറയുന്നു. രാധാകൃഷ്ണമേനോനൊപ്പം മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പോകും. ചര്‍ച്ചയില്‍ പ്രയാറിന്റെ കാര്യം മുന്നോട്ട് വെയ്ക്കുമെന്നാണ് അറിയുന്നത്. പ്രയാറിനെ സ്ഥാനാര്‍ഥി ആക്കിയാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി നേടാമെന്ന് ബി.ജെ.പി കരുതുന്നു. കോണ്‍ഗ്രസ് വിടില്ലെന്ന് പ്രയാര്‍ ആവര്‍ത്തിക്കുമ്പോഴും എന്‍എസ്എസ് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അദ്ദേഹം മത്സരത്തിനിറങ്ങിയേക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് ജയസാധ്യതയെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

Related posts