ന്യൂഡൽഹി: ബിജെപി സർക്കാരിന്റെ കാലത്ത് രാജ്യത്തെ ക്രമസമാധാന നില തകർന്നുവെന്നും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ വെറും പാഴ്വാക്കായെന്നും കോൺഗ്രസ് ആരോപിച്ചു.
2014 മുതൽ 2024 വരെയുള്ള കാലയളവിൽ സ്ത്രീകൾക്കെതിരേ 42 ലക്ഷത്തിലധികം കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തതായി പാർട്ടി ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2013-ന് ശേഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 42.6 ശതമാനത്തിന്റെ വർധന.
കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 204.6 ശതമാനത്തിന്റെ വർധനയും ചൂണ്ടിക്കാണിക്കുന്നു. ദളിതർക്കെതിരായ അതിക്രമങ്ങളിൽ 41.3 ശതമാനത്തിന്റെ വർധനവ്, ഗോത്രവർഗക്കാർക്കെതിരായ അതിക്രമങ്ങളിൽ 46.7 ശതമാനത്തിന്റെ വർധനവ്, സൈബർ കുറ്റകൃത്യങ്ങളിൽ 1,689 ശതമാനത്തിന്റെ വർധനവ് എന്നിങ്ങനെയാണ് ഈ കാലയളവിൽ ഉണ്ടായതെന്ന് ഖർഗെ പറഞ്ഞു.
സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെടുമ്പോൾ തന്നെ ബിജെപി ‘ബേട്ടി ബച്ചാവോ’, ‘നാരി വന്ദൻ’ എന്നിവ കേവലം രാഷ്ട്രീയ മുദ്രാവാക്യങ്ങളായി ഉപയോഗിക്കുകയാണെന്ന് അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബ ആരോപിച്ചു.
