ചവറ : നീണ്ടകരയിൽ നിന്നും ഭൂമി പാട്ടത്തിനെടുത്ത് കരിമണൽ ഖനനത്തിനുശേഷം മണ്ണിട്ട് നികത്തി തിരിച്ച് അതേ ഭൂ ഉടമകൾക്ക് തന്നെ കൈമാറുമെന്ന തരത്തിൽ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി പി.രാജീവ്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാനായി മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. അധികം വൈകാതെ മന്ത്രിസഭ തീരുമാനം എടുക്കും. നീണ്ടകരയിൽ നിന്നും പാട്ടത്തിന് ഭൂമി എടുക്കുന്ന അനുമതി ഉണ്ടാകുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
ഐആർഇ അത് നടപ്പാക്കുന്നുണ്ട്. കെഎംഎംഎലിനും അത് കഴിയും. കമ്പനിയ്ക്ക് സമീപമുള്ള ചിറ്റൂർ പ്രദേശം നെഗോഷ്യബിൾ ആക്ട് അനുസരിച്ച് എടുക്കുന്നതിനുള്ള തീരുമാനം ഉണ്ടായിട്ടുണ്ട്. ഇതിനായി 20 കോടി രൂപ ആദ്യ ഘട്ടത്തിൽ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
രണ്ടു വർഷം പൂർത്തീകരിച്ച തൊഴിലാളികളെ കൂടി കാഷ്വൽ തൊഴിലാളികളായി അംഗീകരിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടുണ്ട് ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറിയിൽ ജോലി ചെയ്തവരെ ഡിസിഡബ്ല്യു തൊഴിലാളികളായി അംഗീകരിച്ചിട്ടുണ്ട്. ഇനി ആദ്യ പരിഗണന അവർക്കായിരിക്കും. പിന്നീട് മറ്റുള്ളവരെ ഘട്ടം ഘട്ടമായി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആശങ്കയ്ക്ക് ആശ്വാസമായി മന്ത്രിയുടെ വാക്കുകൾ
ചവറ : നീണ്ടകരയിലെ കെഎംഎംഎല്ലിന്റെ ഖനന പ്രദേശമായ പുത്തൻതുറ ആൽത്തറമൂട് മുതൽ നീണ്ടകര ഫിഷിംഗ് ഹാർബർ വരെയുള്ള 840 കുടുംബങ്ങളുടെ ആശങ്കയ്ക്ക് ആശ്വാസമായി മന്ത്രിയുടെ വാക്കുകൾ. ഇവർ താമസിക്കുന്ന ഭൂമി കെ എം എം എൽ കമ്പനി പാട്ടത്തിന് ഏറ്റെടുത്ത് ഖനനം പൂർത്തിയാക്കി ഉടമകൾക്ക് തന്നെ വിട്ടു നൽകുമെന്ന പ്രഖ്യാപനം ഭൂ ഉടമകൾക്ക് താൽക്കാലിക ആശ്വാസം നൽകിയിരിക്കുകയാണ്.
നീണ്ടകര തീരദേശ സമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങാൻ ഇരിക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ഭൂമി വിൽക്കാനൊ ലോൺ എടുക്കാനൊ കഴിയാത്തവസ്ഥയാണ് ഇപ്പോൾ. ഭൂമി കമ്പനി ഉടൻ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് ഭൂ ഉടമകൾ.
