കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി 19കാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി.
എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ഉടൻതന്നെ ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾ ഫലം കണ്ടില്ല.
ചൊവ്വാഴ്ച പുലർച്ചെ 6.38ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.ജാസ്ലിയയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് പിതാവ് ജോൺസണും കുടുംബവും അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്.
കരൾ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും, നേത്രപടലം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കുമാണ് നൽകിയത്.
പഠനത്തോടൊപ്പം കായികരംഗത്തും മികവ് തെളിയിച്ച വ്യക്തിയായിരുന്നു ജാസ്ലിയ. യൂണിവേഴ്സിറ്റി തലത്തിൽ സ്പോർട്സിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന ജാസ്ലിയ, തന്റെ മരണശേഷവും നാലുപേരിലൂടെ ഈ ലോകത്ത് ജീവിക്കും.
