പൊൻകുന്നം: അമേരിക്കയിലെ 14 സംസ്ഥാനങ്ങളിലൂടെ 3500 കിലോമീറ്ററിലേറെ വനയാത്ര നടത്തി റിക്കാർഡിട്ട ചിറക്കടവ് സ്വദേശി ബ്രൂസ് തോമസിന് ജന്മനാടിന്റെ ആദരം. ഹൈക്കിംഗ് എന്ന സാഹസികയാത്രയിലൂടെ ആപ്പലേഷ്യൻ ട്രെയിൽ എന്ന വനാന്തരത്തിലൂടെയും മലകളിലൂടെയുമുള്ള ദുർഘടപാതയിൽ ലക്ഷ്യത്തിലെത്തിയ ആദ്യ മലയാളി എന്ന ഖ്യാതി നേടിയ ചിറക്കടവ് ചെന്നാക്കുന്ന് പന്യാമാക്കൽ ബ്രൂസ് തോമസിനെ ചിറക്കടവ് പബ്ലിക് ലൈബ്രറിയാണ് ആദരിച്ചത്. 153 ദിവസം കൊണ്ടാണ് വനങ്ങളും മലകളും താണ്ടി ഫിനിഷിംഗ് പോയിന്റായ കടാദിനിൽ എത്തിയത്.
കാനഡയിൽ ജോലിയുള്ള ബ്രൂസ് തോമസ് മുന്പ് കാനഡയിൽ ഹൈക്കിംഗ് നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ആപ്പലേഷ്യൻ ട്രെയിലിൽ യാത്രക്കിറങ്ങിയത്. ആദ്യശ്രമത്തിൽ തന്നെ ലക്ഷ്യം പൂർത്തീകരിച്ച ഇദ്ദേഹത്തിന് ആപ്പലേഷ്യൻ ട്രെയിൽ കൺസേർവൻസി സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചില സാഹസികയാത്രികർ മുന്പ് ഈ ഹൈക്കിംഗ് പൂർത്തീകരിച്ചുവെങ്കിലും കേരളത്തിൽ നിന്നൊരാൾ ആദ്യമായാണ് ഈ സർട്ടിഫിക്കറ്റിന് അർഹനാകുന്നത്. എന്നാൽ, അവരെക്കാൾ കുറഞ്ഞ കാലയളവിലാണ് ബ്രൂസിന്റെ നേട്ടം.
മെന്റലിസ്റ്റും ഹിപ്നോട്ടിസ്റ്റുമായ ഡോ. സജീവ് പള്ളത്ത് ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ ഉപഹാരം ബ്രൂസ് തോമസിന് സമ്മാനിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ഉഷാ ശ്രീകുമാർ, ലതാ ശ്രീകുമാർ, ഗൗതം ബാലചന്ദ്രൻ, കെ.കെ. സന്തോഷ്കുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി. ബിനു, സാഹിത്യകാരൻ ബേബിച്ചൻ ഏർത്തയിൽ, ലൈബ്രറി പ്രസിഡന്റ് ശ്രീജ അജിത്ത്, സെക്രട്ടറി രാജേഷ്കുമാർ പൊൻകുന്നം, ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
