തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. ജൂലൈ ഒന്നിനുശേഷം ഓടാൻ കഴിയാത്ത അവസ്ഥ വരും. ഉദ്ദേശിച്ച പാക്കേജുകൾ ഒന്നും ബജറ്റിൽ ഉണ്ടായില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
പ്രൈവറ്റ് ബസുകൾക്കുള്ള 50 ശതമാനം നികുതിയിളവ് കൊണ്ട് ഗുണമില്ല. 106.50 – 142.50 രൂപ മാത്രമാണ് നികുതി കുറച്ചത് കൊണ്ട് നിത്യേനയുള്ള ചെലവിൽ നിന്ന് കുറയുന്നത്. സ്ത്രീ യാത്രക്കാർ സ്വകാര്യ ബസിൽ വളരെ കുറവാണ്. പലരും ബസ് സർവീസ് നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കണം. അതിന്റെ പണം സർക്കാരിൽ നിന്ന് ലഭിക്കണം. അല്ലെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിശ്ചലമാകും. പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസുകൾക്ക് 1000 മുതൽ 6000 രൂപയുടെ നഷ്ടം പ്രതിദിനം ഉണ്ടായിട്ടുണ്ടെന്ന് ഗോപിനാഥൻ പറഞ്ഞു.
