തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു ഗതാഗത മന്ത്രി സി.പി. ജോൺ. സ്ത്രീകളെക്കുറിച്ചുള്ള പരാമർശം പാടില്ലായിരുന്നു. ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
തനിക്ക് അതിൽ ഈഗോ ഇല്ല, പറയുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. പ്രിയദർശിനി സർക്കാരിന്റെ അഭിമാനപദ്ധതിയാണ്. അതിനെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകും. കേരളത്തിൽ ദാരിദ്ര്യം ഉണ്ടെന്നതു വസ്തുതയാണ്. അതിനെ ഒന്നു ചുരുക്കാനാണ് പ്രിയദർശിനി ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൻ തുക ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവർ സൗജന്യ യാത്രയ്ക്കായി ബസിൽ തള്ളിക്കയറുന്നു എന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. മന്ത്രിയുടെ പ്രതികരണം കേരളത്തിലെ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും, അദ്ദേഹം ഉടനടി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മന്ത്രിയുടേതു വെറുമൊരു നാക്കുപിഴയല്ലെന്നും ജനവിരുദ്ധനയ സമീപനമാണ് ഇതിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ശക്തീകരിക്കപ്പെട്ട മലയാളി സ്ത്രീ സമൂഹത്തിന്റെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തതെന്ന് എം.വി. ഗോവിന്ദനും വിമർശിച്ചിരുന്നു. യുഡിഎഫിലും അതൃപ്തി ശക്തമായതിനു പിന്നാലെയാണ് മന്ത്രി ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
