ചൈനയിലെ ഷെൻഷെൻ നഗരത്തിലെ ഒരു ഹോട്ടലിൽ ജന്മദിനം ആഘോഷിച്ച വിദേശവിനോദസഞ്ചാരിക്ക് ലഭിച്ചത് കൗതുകകരമായ അനുഭവം. ജന്മദിനത്തിൽ അതിഥിയുടെ മുറിയിലേക്ക് റോബോട്ട് വഴി കേക്ക് എത്തിച്ചു നൽകുന്ന ഹോട്ടലിന്റെ ആധുനിക സംവിധാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഫിലിപ്പോ ഫാസിയോണി എന്ന വ്യക്തി തന്റെ ജന്മദിനത്തിൽ ഷെൻഷെനിലെ ഒരു ഹോട്ടലിൽ താമസിക്കുമ്പോഴാണ് അപ്രതീക്ഷിതമായി റോബോട്ട് മുറിയിലെത്തിയത്. മനുഷ്യരുടെ ഇടപെടലുകളില്ലാതെയായിരുന്നു കേക്ക് ഡെലിവറി.
അതിഥികളുടെ ജന്മദിനം ഹോട്ടൽ വാസത്തിനിടയിലാണ് വരുന്നതെങ്കിൽ, ചൈനീസ് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ‘മെയ്ചുവാൻ’ വഴി സിസ്റ്റം സ്വയം കേക്ക് ഓർഡർ ചെയ്യും. തുടർന്ന് ഒരു റോബോട്ട് ഈ കേക്ക് നേരിട്ട് മുറിയിലെത്തിച്ചു നൽകുകയും ചെയ്യും.
വാതിൽ തുറന്നപ്പോൾ ഫ്രൂട്ട് കേക്കുമായി നിൽക്കുന്ന റോബോട്ടുകളെ കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്നും കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോയതുപോലെയുള്ള അനുഭവമായിരുന്നു അതെന്നും ഫിലിപ്പോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിൽ കുറിച്ചു.
സാങ്കേതികവിദ്യയുടെ ഈ അത്ഭുതത്തെ പലരും പ്രശംസിച്ചപ്പോൾ, ഇത്തരം യാന്ത്രികമായ സമ്മാനങ്ങൾക്ക് സുഹൃത്തുക്കളുടെയോ പ്രിയപ്പെട്ടവരുടെയോ സ്നേഹം നൽകാനാവില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. എങ്കിലും ഷെൻഷെൻ നഗരത്തിലെ ഹോട്ടലുകൾ അതിഥികൾക്ക് നൽകുന്ന ആധുനിക അനുഭവങ്ങൾ വലിയ ചർച്ചയായിട്ടുണ്ട്.

