ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് നിലയ്ക്കുകയോ രക്തം ഫലപ്രദമായി പമ്പ് ചെയ്യാതിരിക്കുകയോ ചെയ്യുമ്പോൾ രക്തചംക്രമണം നിലനിർത്തുന്നതിനും സുപ്രധാന അവയവങ്ങൾക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനുമാണ് കാർഡിയോ പൾമണറി റെസസിറ്റേഷൻ(സിപിആർ) നൽകുന്നത്.
സിപിആർ എപ്പോൾ?
- രോഗി കിടക്കുന്ന സ്ഥലത്തിന്റെ ചുറ്റുപാട് മനസിലാക്കുക. ഷോക്കേറ്റ് കിടക്കുകയാണോ മദ്യപിച്ചു കിടക്കുകയാണോ തുടങ്ങിയവ നിരീക്ഷിക്കുക
- അബോധാവസ്ഥയിലാണോ എന്ന് തിരിച്ചറിയുന്നതിനായി രോഗിയുടെ മുന്നിൽ നിന്ന് ഇരുതോളുകളിലും തട്ടി ഉച്ചത്തിൽ വിളിക്കുക (3 പ്രാവശ്യം).
- പ്രതികരണമില്ലെങ്കിൽ അടുത്തുള്ള ആരെയെങ്കിലും സഹായത്തിനായി വിളിയ്ക്കുകയും ആംബുലൻസിനായി 108 ൽ വിളിയ്ക്കാൻ അഭ്യർഥിക്കുകയും ചെയ്യുക
- ഹൃദയമിടിപ്പും പൾസും തിരിച്ചറിയുക. കഴുത്തിൽ, ശ്വാസനാളത്തിന്റെ ഇരുപുറങ്ങളിൽ ഏതെങ്കിലും ഒരു വശത്ത് വിരലുകൾ അമർത്തി തുടിപ്പ് (കരോട്ടിഡ് പൾസ്) പരിശോധിക്കാവുന്നതാണ്. നെഞ്ച് ഉയർന്ന് താഴുന്ന ചെറു ചലനങ്ങൾ ഉണ്ടോ എന്നറിയാനായി ചരിഞ്ഞു സൂക്ഷ്മമായി നോക്കുക. ഉച്ഛ്വാസം കവിളിൽ തട്ടുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കുക.
സിപിആർ നൽകുന്നതെങ്ങനെ?
- ഹൃദയമിടിപ്പും പൾസും ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് രോഗിയ്ക്ക് സിപിആർ. നൽകേണ്ടതാണ്. അതിനായി രോഗിയെ ഉറപ്പുള്ള ഒരു പ്രതലത്തിൽ കിടത്തുക
നെഞ്ചിൽ അമർത്തുന്നതിനായി കൈപ്പത്തിയുടെ താഴത്തെ ഭാഗം രോഗിയുടെ നെഞ്ചിന്റെ മദ്ധ്യഭാഗത്ത് മുലക്കണ്ണുകൾക്കിടയിൽ (Nipple Line), (അതായത് നെഞ്ചിന്റെ അടിഭാഗത്തുനിന്ന് രണ്ട് വിരലുകൾ ചേർത്ത് തിരശ്ചീനമായി (Horizontal) പിടിക്കുന്ന അകലം) വയ്ക്കുക.
അടുത്ത കൈ ആദ്യത്തെ കൈയുടെ മുകളിൽ കോർത്ത് പിടിക്കുക. കൈമുട്ടുകൾ നിവർത്തി വയ്ക്കുക. തോളുകൾ രോഗിയുടെ നെഞ്ചിന് മുകളിൽ വരുന്ന വിധത്തിൽ ആയിരിക്കണം. തുടർന്ന് കൈകൾ വളയ്ക്കാതെ, നേരെ വച്ച്, ശരീരഭാരം ഉപയോഗിച്ച് നെഞ്ചിലേക്ക് അമർത്തുക. നെഞ്ച് ഏകദേശം 5 സെന്റിമീറ്റർ താഴണം; എന്നാൽ 6 സെന്റിമീറ്ററിൽ കൂടരുത്. ഒരു സെക്കൻഡിൽ രണ്ട് എന്ന തോതിൽ 30 പ്രാവശ്യം ഉച്ചത്തിൽ എണ്ണിക്കൊണ്ട് അമർത്തുക. ഓരോ അമർത്തലിനുശേഷവും നെഞ്ച് പൂർവസ്ഥിതിയിൽ ആയ ശേഷം മാത്രമേ വീണ്ടും അമർത്താവൂ. 30 പ്രാവശ്യം വീതം 5 തവണ ചെയ്യുക
6 ഹൃദയമിടിപ്പും പൾസും ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ സി.പി.ആർ. തുടരുക (30 പ്രാവശ്യം വീതം 5 തവണ). രോഗി ശ്വസിക്കുന്നത് വരെയോ ആശുപത്രിയിൽ എത്തുന്നത് വരെയോ സിപിആർ തുടരുക.
വിവരങ്ങൾ- ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം മീഡിയാ വിഭാഗം, തിരുവനന്തപുരം,
