ഭാവിയിൽ മികച്ചൊരാളായി മാറാനുള്ള അതിയായ ആഗ്രഹത്തിലും ശ്രമങ്ങളിലും മുഴുകി മനുഷ്യർ നിലവിലുള്ള ജീവിതത്തെയും സന്തോഷങ്ങളെയും മറന്നുപോകുന്നുവെന്ന നിരീക്ഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സിമ്രാൻ സച്ച്ദേവ എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച വൈകാരികമായ കുറപ്പാണ് ഇപ്പോൾ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്.
സ്വയം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതോടൊപ്പം തന്നെ ഇന്നത്തെ സ്വന്തം അവസ്ഥയിൽ സന്തോഷം കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് സിമ്രാൻ സച്ച്ദേവയുടെ പോസ്റ്റ്.
“നാം എപ്പോഴും എന്തിനെങ്കിലുമൊക്കെ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ ബുദ്ധിമാനാകാൻ, വിജയിക്കാൻ, ആകർഷകനാകാൻ, കൂടുതൽ അച്ചടക്കമുള്ളവനാകാൻ നാം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു നിശ്ചിത ലക്ഷ്യത്തിൽ എത്തിയാൽ ശാന്തമായി ജീവിതം ആസ്വദിക്കാമെന്ന് നാം നമ്മെത്തന്നെ വിശ്വസിപ്പിക്കുന്നു.
എന്നാൽ ആ ലക്ഷ്യത്തിലെത്തുമ്പോൾ അടുത്തത് മുന്നിൽ വരും. നമ്മളേക്കാൾ മിടുക്കനായ മറ്റൊരാൾ അവിടെയുണ്ടാകും. ജീവിതം സ്വയം തെളിയിക്കാനുള്ള അവസാനിക്കാത്ത ഒരോട്ടമായി മാത്രം മാറിപ്പോകുന്നു,” – സിമ്രാൻ കുറിച്ചു.
ഭാവിയെക്കുറിച്ച് വലിയ ആഗ്രഹങ്ങൾ വെച്ചുപുലർത്തുമ്പോൾ തന്നെ വർത്തമാനകാലത്ത് സന്തോഷത്തോടെ ജീവിക്കാൻ സിമ്രാൻ ചില നിർദ്ദേശങ്ങളും മുന്നോട്ടുവെക്കുന്നു. കാര്യങ്ങൾ പഠിച്ചു തുടങ്ങുന്ന ഘട്ടത്തിൽ മറ്റുള്ളവരെക്കാൾ താഴെയാണെന്ന അപകർഷതാബോധം ഒഴിവാക്കുക.
കഴിവുള്ളവരെ കണ്ട് സ്വയം ചെറുതാകാതെ അവരെ അഭിനന്ദിക്കുക. ഓരോ ചെറിയ പുരോഗതിയും ആഘോഷിക്കുക, നേട്ടം കൈവരിച്ച ഉടൻ തന്നെ അടുത്ത ലക്ഷ്യത്തിലേക്ക് പാഞ്ഞുപോകാതിരിക്കുക.
“നാം കെട്ടിപ്പടുക്കുന്നത് നമ്മുടെ ജീവിതമാണ്, അതുകൊണ്ട് തന്നെ അത് കെട്ടിപ്പടുക്കുന്ന പ്രക്രിയയും നാം ആസ്വദിക്കാൻ പഠിക്കണം. നമ്മൾ പൂർണരല്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ നമ്മെത്തന്നെ അനുവദിക്കുക,” സിമ്രാൻ കൂട്ടിച്ചേർത്തു.
നിരവധി ആളുകളാണ് ഈ പോസ്റ്റിന് പിന്തുണയുമായി എത്തിയത്. “നിങ്ങളുടെ ആഗ്രഹങ്ങൾ നിങ്ങൾ ഇന്നത്തെ അവസ്ഥയിൽ അപൂർണനാണെന്ന് അർത്ഥമാക്കുന്നില്ല” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, മനഃശാസ്ത്രത്തിൽ ഇതിനെ ‘അറൈവൽ ഫാലസി’ എന്നാണ് വിളിക്കുന്നതെന്ന് മറ്റൊരു വ്യക്തി ചൂണ്ടിക്കാട്ടി (ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നാൽ മാത്രമേ സന്തോഷം ലഭിക്കൂ എന്ന തെറ്റിദ്ധാരണയാണിത്).
