സോഷ്യല്‍ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം വരുന്നു ! മൂന്നു മാസത്തിനുള്ളില്‍ നിയമനിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍…

രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം വരുന്നു. ഫേസ്ബുക്കും വാട്‌സ് ആപ്പും ട്വിറ്ററുമടക്കമുള്ള സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നതു തടയാന്‍ മൂന്നു മാസത്തിനുള്ളില്‍ നിയമം നിര്‍മിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരിക്കുന്നതും.

നേരത്തെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതിനും കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ സംബന്ധിച്ച ഏറ്റവും പുതിയ കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പുതിയ നിയമം നിര്‍മ്മിക്കുക എന്നാണ് കേന്ദ്രം പറയുന്നത്.

ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്റര്‍മീഡിയറീസ് മാര്‍ഗനിര്‍ദ്ദേശ (ഭേദഗതി)ചട്ടങ്ങള്‍ 2018ല്‍ തന്നെ തയാറാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങളുടെ അഭിപ്രായത്തിനുള്ള മുഴുവന്‍ കരടും 2018 ഡിസംബര്‍ 24ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിച്ചു.സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണങ്ങളും, കുറ്റകൃത്യങ്ങളും തടയണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികളിലാണ് സുപ്രീംകോടതി കേന്ദ്രത്തോട് നടപടികള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടത്.

Related posts