അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ആയുധങ്ങള്‍ വാങ്ങാന്‍ 2700 കോടി രൂപ സൈന്യത്തിന് അനുവദിച്ചു! അവധിയില്‍ പോയ സൈനികരെയെല്ലാം തിരിച്ചു വിളിച്ചു; തയാറെടുപ്പുകള്‍ക്ക് ശക്തികൂട്ടി ഇന്ത്യ

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ സൈന്യത്തിന് അടിയന്തര സാഹചര്യത്തെ നേരിടാന്‍ 2700 കോടി രൂപ അനുവദിച്ച്, പ്രതിരോധ മന്ത്രാലയം. ആയുധങ്ങളും കപ്പലുകളും വാങ്ങുന്നതിനായി സൈന്യത്തിന് ഈ പണം വിനിയോഗിക്കാം.

പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ പ്രതിരോധ കൗണ്‍സിലിന്റേതാണ് തീരുമാനം. പ്രതിരോധ ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമിതിയാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍. ബുധനാഴ്ചയാണ് കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നത്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ പ്രവേശിക്കുകയും സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തിരിക്കെയാണ് ഡല്‍ഹിയില്‍ പ്രതിരോധ കൗണ്‍സില്‍ ചേര്‍ന്നത്. അതിനിടെ അവധിയില്‍ പോയ എല്ലാ സൈനികരെയും തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സങ്കീര്‍ണമായ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇതിനിടെ, അതിര്‍ത്തി സംസ്ഥാനങ്ങളിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കാഷ്മീരിലെയും പഞ്ചാബിലെയും പ്രധാന റോഡുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. വിമാനത്താവളങ്ങള്‍ ഭാഗികമായി അടച്ചു. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും സൈന്യത്തിന്റെ കൈയ്യിലാണ്.

Related posts