രാമങ്കരി: വർഷങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപം തിരികെ ലഭിക്കാതെ വന്നതിനെത്തുടർന്ന് നിക്ഷേപകർ ചേന്നങ്കരി സർവീസ് സഹകരണ ബാങ്കിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയും കളക്ടറും ഉൾപ്പെടെയുള്ള അധികൃതർക്കു പരാതി നല്കിയിട്ടും നടപടി ഉണ്ടാകാതെ വന്നതിനെത്തുടർന്നാണ് പ്രതിഷേധവുമായി നിക്ഷേപകർ രംഗത്തെത്തിയത്.
പണം ആവശ്യപ്പെടുന്പോൾ കടം കൊടുത്ത പണം തിരികെ ലഭിക്കുന്പോൾ മടക്കിത്തരാമെന്ന ഒഴിവുകഴിവ് മറുപടിയാണ് അധികൃതർ നല്കുന്നതെന്നും നിക്ഷേപകരായ കെ.കെ. സുരേഷ് കാക്കാം പറന്പ്, ആനന്ദവല്ലി ആലുങ്കൽചിറ തുടങ്ങിയവർ പറഞ്ഞു.
വായ്പ് കൊടുത്തവകയിൽ ബാങ്കിന് ഒരുകോടി രൂപയിലേറെ ലഭിക്കാനുള്ളപ്പോൾ 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്കാനുള്ളതെന്നും ഇവർ പറയുന്നു. വർഷങ്ങൾക്ക് മുന്പ് ഇവിടെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി ആക്ഷേപം ഉയർന്നിരുന്നു.
ഇതേതുടർന്ന് സഹകരണ വകുപ്പ് ഉന്നത സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഏതാനും ആഴ്ചകൾക്ക് മുന്പ് ഇത് ശരിവച്ചുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഏതായാലും നിക്ഷേപകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവത്തിനു പുതിയ മാനം കൈവന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ കുടൂതൽ നിക്ഷേപകർ പ്രതിഷേധവുമായി രംഗത്തെത്താനും സാധ്യതയുണ്ടെന്നാണ് വിവരം.
