പന്തളം: പ്രവാസിയുടെ വീട്ടില്‍ നിന്ന് 51.5 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ടു പേര് അറസ്റ്റിൽ. തമിഴ്നാട് തിരുനെല്‍വേലി തിരുക്കുറു കുടി സ്വദേശിയായ ഇസക്കി രമേശ് (32) തമിഴ്നാട് നല്ലന്‍കുളം വള്ളിയൂര്‍ സമാധാന പുരം സ്വദേശിയായ ഗണേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ജനുവരി 29ന് പുലര്‍ച്ചെ മൂന്നരയോടെ പന്തളം കൈപ്പുഴ ഭാഗത്തുള്ള ബിജുവിന്റെ വീട്ടിലായിരുന്നു വന്‍ കവര്‍ച്ച നടന്നത്. ബിജുവും കുടുംബവും വിദേശത്താണ്.
ബിജുവിന്റെ അമ്മ ഓമന പകല്‍ സമയത്ത് വീട്ടില്‍ നില്‍ക്കുകയും രാത്രി മൂത്ത മകന്റെ വീട്ടിലേക്ക് പോകുകയുമാണ് പതിവ്. രാവിലെ ഓമന വന്നപ്പോഴാണ് കവര്‍ച്ചാ വിവരം അറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നതെന്ന് കണ്ടെത്തി.വിദേശത്തുള്ള മരുമകളുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന് കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 51. 5 പവന് സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. വീടും സ്ഥലവും നന്നായി നിരീക്ഷിച്ചുവന്ന സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പോലീസ് പ്രാഥമിക വിലയിരുത്തല്‍ നടത്തിയിരുന്നു.
തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര് ആനന്ദ് പ്രത്യേകം അന്വേഷണ സംഘം രൂപീകരിച്ചു. അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ്കുമാർ, കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരൻ, പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് റ്റി ഡി സബ് ഇന്‍സ്പെക്ടര്‍ യു വി വിഷ്ണു ഡാന്‍സഫ് ടീം അംഗങ്ങളായ സുജിത്ത്, മിഥുന് ജോസ്, ബിനു, ജിതിൻ, ഷെഫീക്ക്, ശ്രീരാജ്, വിമല്‍ എന്നിവര്‍ അടങ്ങിയ സംഘം നടത്തിയ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്.
വിവിധ സംഘങ്ങളായി തിരിഞ്ഞു ജില്ലയിലെ 500 ഓളം സിസിടിവി കാമറകള്‍ പരിശോധന നടത്തി. തുടര്‍ന്ന് സംശയാസ്പദമായി കാണപ്പെട്ട വെളുത്ത സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും അന്വേഷണത്തിൽ, കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് വെളിപ്പെടുകയും ചെയ്തു.തുടര്‍ അന്വേഷണത്തില്‍ തമിഴ്നാട്ടില്‍ ഇതേ കാര്‍ കണ്ടെത്തുകയും പ്രതികളിലേക്ക് എത്തിച്ചേരുകയുമായിരുന്നു. ആഴ്ചകളായി നടത്തിയ ഏറ്റവും ശ്രമകരവും ക്ലേശകരവുമായ അന്വേഷണമാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കിയതെന്ന് പോലീസ് പറഞ്ഞു.
പിടിയിലായവര്‍ കര്‍ണാടകയിലും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണസംഘം ഊര്‍ജ്ജിതമായി അന്വേഷിച്ചു വരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും കോടതിയില്‍ ഹാജരാക്കും.
