ഇത്രയും പക്ഷപാതം കാട്ടരുത്; പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളിൽ കടന്നു കയറുന്ന സ്പീക്കർക്കെതിരേ രൂക്ഷ വിമർശനവുമായി  പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്പീക്കർ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളിൽ അദ്ദേഹം കടന്നുകയറുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരിയിൽ ഷുക്കൂർ വധക്കേസിൽ സഭയിലെ അംഗമായ ടി.വി.രാജേഷും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും പ്രതിയായ വിഷയം നിയമസഭയിൽ അടിയന്തരപ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം ഇന്ന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രതിപക്ഷ അംഗം സണ്ണി ജോസഫ് നൽകിയ നോട്ടീസ് സ്വീകരിക്കാൻ പോലും തയാറാകാതെ സ്പീക്കർ തള്ളിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

രാഷ്ട്രീയ കൊലപാതക കേസിൽ സഭയിലെ ഒരു അംഗം പ്രതിയായ വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് പ്രതിപക്ഷ സഭയിലേക്ക് വരുന്നതെന്ന് ചെന്നിത്തല ചോദിച്ചു. സ്പീക്കറുടെ നടപടി ഒട്ടും ശരിയായില്ല. ഗുരുതരമായ പ്രശ്നമാണിതെന്നും ഇതണോ ജനാധിപത്യമെന്നും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ ഒരു എംഎൽഎ പ്രതിയാകുന്ന സംഭവം കേരളത്തിൽ സമീപ ഭാവിയിലുണ്ടായിട്ടില്ല. ഇക്കാര്യം നിയമസഭയിൽ അല്ലാതെ എവിടെയാണ് ചർച്ച ചെയ്യേണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം.

കേരളത്തിൽ സിപിഎമ്മും ബിജെപിയും ആൾക്കൂട്ടക്കൊലപാതകങ്ങൾ തുടരുകയാണ്. ഇതിനെതിരേ നിയമ നിർമാണം നടത്തുമെന്ന കാര്യം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related posts