ഹിജാബ് ധരിക്കാതെ ചെസ് കളിച്ചു, സ്വന്തം നാട്ടിലേക്ക് തിരിച്ചു വരരുതെന്ന് ഭീഷണി! വനിതാ ചെസ് താരം ഇറാൻ ഉപേക്ഷിച്ചു

ഇറാനിൽ ഹിജാബ് വിവാദത്തിന് അവസാനമില്ല. ഹിജാബ് ധരിക്കണമെന്ന ഇറാൻ മതപ്പൊലീസിൻ്റെ കർശന നിയമത്തെ എതിർത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.

ഈ കാടൻ നിയമത്തിനെതിരെ ഇറാനിലെ കായികലോകവും പ്രതിഷേധത്തിലാണ്. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പിൽ, തങ്ങളുടെ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി ഇറാനിയൻ ടീം മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചിരുന്നു.

ഇതിനുപിന്നാലെ ചെസ് കളിയിലും ഹിജാബ് വിവാദം ഉയർന്നു വന്നിരിക്കുകയാണ്.

ഇറാൻ്റെവനിതാ ചെസ്സ് താരം സാറാ ഖാദിമിനാണ് ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ ഭീഷണിയെത്തിയത്.

ഒരു ടൂർണമെൻ്റിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്തതിൻ്റെ പേരിലാണ് ഭീഷണി. സാറാ ഹിജാബ് ധരിക്കാതെ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഈ ഫോട്ടോ കണ്ട് പ്രകോപിതരായ ഇറാനിലെ മതമൗലിക വാദികളാണ് സാറയെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരങ്ങൾ. 

കസാക്കിസ്ഥാനിൽ നടന്ന ഫിഡെ വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിലാണ് സാറ പങ്കെടുത്തത്.

ഈ ടൂർണ്ണമെൻ്റിൽ 25 കാരിയായ സാറ ഖാദിം ഹിജാബ് ഇല്ലാതെയാണ് മത്സരിച്ചത്. ഇറാൻ്റെ ഭരണകൂട വാദമനുസരിച്ച് ആ രാജ്യത്തെ എല്ലാ സ്ത്രീകളും പെൺകുട്ടികളും രാജ്യത്തിനകത്തും പുറത്തും ഹിജാബ് ധരിക്കേണ്ടതുണ്ട്.

സാറാ ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് അവരെ ഫോണിൽ വിളിച്ച് വ്യക്തിപരമായി ഭീഷണിപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ടൂർണമെൻ്റിന് ശേഷം നാട്ടിലേക്ക് മടങ്ങരുതെന്നാണ് ഭീഷണി എത്തിയത്. നാട്ടിലേക്ക് വന്നാൽ അത് വളരെ മോശമായ അവസ്ഥയായിരിക്കും കാത്തിരിക്കുകയെന്നും ഭീഷണിയിൽ വ്യക്തമാക്കിയിരുന്നു.

സാറാ ഖാദിമിൻ്റെ കുടുംബം ഇപ്പോഴും ഇറാനിലാണ്. അവർക്കും ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. 

പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് ടൂർണമെൻ്റിന് ശേഷം സാറാ തൻ്റെ രാജ്യമായ ഇറാനിലേക്ക് മടങ്ങിയില്ല. പകരം, ചൊവ്വാഴ്ചഅവൾ സ്പെയിനിൽ എത്തുകയായിരുന്നു.

ഫോണിൽ ഭീഷണി ലഭിച്ചതിനെ തുടർന്ന് കസാക്കിസ്ഥാൻ സർക്കാർ സാറയ്ക്ക് സുരക്ഷയൊരുക്കിയിരുന്നെന്നും വാർത്തകളുണ്ട്. സാറയുടെ  മുറിക്ക് പുറത്ത് നാലു കാവൽക്കാരെയാണ് കസാക്ക് സർക്കാർ നിയമിച്ചത്. 

2017 ൽ ചലച്ചിത്ര നിർമ്മാതാവും ഷോ അവതാരകനുമായ അർദേശിർ അഹമ്മദിയെ സാറാ ഖാദിം വിവാഹം കഴിച്ചിരുന്നു.

വസ്ത്രങ്ങളുടെയും ആശയങ്ങളുടെയും കാര്യത്തിൽ പുരോഗമന നിലപാട് പിന്തുടരുന്ന സാറാ മതമൗലിക വാദികളുടെ കണ്ണിലെ കരടാണ്. ഹിജാബ് ഇല്ലാതെ തന്നെയാണ് സാറാ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

ഇതിൻ്റെ പേരിൽ തനിക്ക് നിരന്തരം ഭീഷണിയുണ്ടാകാറുണ്ടെന്നും സാറാ വെളിപ്പെടുത്തിയിരുന്നു. 1997ൽ ജനിച്ച സാറ ഇറാനെ പ്രതിനിധീകരിച്ച് നിരവധി ചെസ് ടൂർണ്ണമെൻ്റുകളിൽ പങ്കെടുത്തിട്ടുണ്ട്.

Related posts

Leave a Comment