കോട്ടയം: സ്വര്‍ണവില പോലെ ഇറച്ചിക്കോഴിക്കും റിക്കാര്‍ഡ് വില. ഇന്നലെ 185-190 രൂപയാണ് ഒരു കിലോയ്ക്ക് കോട്ടയത്തെ വില. വീണ്ടും വില ഉയരുമെന്നാണ് വിൽപ്പനക്കാര്‍ പറയുന്നു. വില കുതിച്ചുയരുന്നുണ്ടെങ്കിലും വില്പനയെ ബാധിച്ചിട്ടില്ല. ക്രിസ്മസിന് 165 രൂപയായിരുന്നു വില. അതിനുശേഷം 20 രൂപയുടെ വര്‍ധനയുണ്ടായി.
ക്രിസ്മസ്, പുതുവത്സര വേളയിലും ഈസ്റ്ററിനുമാണ് ഇറച്ചിക്കോഴി വില്‍പ്പന കൂടുതല്‍ നടക്കാറുള്ളത്. ഈ അവസരങ്ങളില്‍ വില ഉയരുന്നതു പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും വര്‍ധിച്ചത്.ആഘോഷ വേളകളില്‍ 40 ശതമാനം വരെ വിൽപ്പന ഉയരാറുണ്ട്. ഈ അവസരം മുതലാക്കിയാണു വില വര്‍ധിപ്പിക്കുന്നത്. കോഴിയുടെ ദൗര്‍ലഭ്യമാണ് വില ഉയര്‍ത്തുന്നത്. ഒന്നോ രണ്ടോ ദിവസം വില്പനയില് ഇടിവുണ്ടായാല്‍ വില കുറഞ്ഞേക്കും.
പക്ഷിപ്പനി മൂലം ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഉണ്ടായിരുന്നു. പക്ഷിപ്പനി കണ്ടെത്തിയാല്‍ കോഴിയിറച്ചി വില്പനയും വിലയും കുത്തനെ ഇടിയാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. തമിഴ്നാട്ടില്‍നിന്നാണു പ്രധാനമായും ജില്ലയില്‍ ഇറച്ചിക്കോഴികള്‍ എത്തുന്നത്.
കനത്ത ചൂടുകാരണം കോഴിക്കുഞ്ഞുങ്ങള്‍ വ്യാപകമായി ചത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. പാചകവാതക പ്രതിസന്ധിയും കനത്ത വേനലും വന്നതോടെ ഏപ്രില്‍ മാസത്തില്‍ ഇറച്ചിക്കോഴി വില കുറഞ്ഞിരുന്നു. ഇതോടെ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനോ വാങ്ങാനോ കച്ചവടക്കാര്‍ മടിച്ചു. ഇപ്പോള്‍ ആവശ്യത്തിന് ഇറച്ചിക്കോഴികളെ കിട്ടാനില്ല.
കോഴിവിലയ്ക്കൊപ്പം പോത്തിറച്ചിവിലയും കൂടുകയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ് ഇറച്ചിവില വര്‍ധിക്കാന്‍ കാരണം. കന്നുകാലി, കോഴി എന്നിവയുടെ വരവിലാണ് വന്‍ ഇടിവുണ്ടായിരിക്കുന്നത്.ഒരു കിലോ പോത്തിറച്ചിക്ക് 430-450.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള വരവ് പകുതിയായി കുറഞ്ഞതും ചരക്കുനീക്കത്തിലെ തടസങ്ങളുമാണു പോത്തിറച്ചിയുടെ വില കൂട്ടുന്നത്. ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇറച്ചി കയറ്റുമതി സ്ഥാപനങ്ങള്‍ ഉയര്‍ന്നവിലയ്ക്ക് പോത്തുകളെ വാങ്ങുന്നതും കേരളത്തിലേക്കുള്ള ഇറക്കുമതി കുറയാന്‍ കാരണമായിട്ടുണ്ട്.
