ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനയ്ക്ക് ‘ആപ്പ്’ ആകും ! ടെക് ലോകത്ത് അമേരിക്കയെ മറികടന്ന് ഒന്നാമനാകാനുള്ള നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി…

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഒറ്റയടിക്ക്് 59 ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യന്‍ നടപടി ചൈനയ്ക്ക് കനത്ത ആഘാതമാവുമെന്ന് വിലയിരുത്തല്‍.

ആപ്പുകളുടെ ഇന്ത്യന്‍ നിരോധനം കാരണംആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ്, ടെന്‍സെന്റ് ഹോള്‍ഡിങ്സ് ലിമിറ്റഡ് തുടങ്ങി പ്രമുഖ ചൈനീസ് ടെക് കോര്‍പറേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടാനിടയുണ്ടെന്നാണ് സൂചന.

59 ചൈനീസ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ജനങ്ങളുടെ വ്യക്തി സുരക്ഷ മുന്‍നിര്‍ത്തി യൂറോപ്പു മുതല്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വരെ ചൈനീസ് ആപ്പ് നിരോധിക്കാനുള്ള സാധ്യതയുണ്ട്.

ടെക് ലോകത്ത് അമേരിക്കയ്ക്ക് വെല്ലുവിളിയായി ചൈന വളര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം ചൈനക്കാര്‍ക്ക് പ്രഹരമാകുന്നത്.

ലോകത്താകമാനം 100 കോടിയ്ക്കടുത്ത് ഉപയോക്താക്കളുള്ള ടിക് ടോക്കിന് ഇന്ത്യയില്‍ മാത്രം 20 കോടി ഉപയോക്താക്കളുണ്ട്. ഷവോമിയാകട്ടെ ലോകത്തിലെ നമ്പര്‍ വണ്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡും. ആലിബാബയും ടെന്‍സെന്റും തങ്ങളുടെ ആഗോളതല സേവനങ്ങള്‍ ബഹുദൂരം മുന്നിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയുടെ നയം ചൈനയുടെ ഇതു വരെയുള്ള എല്ലാ നേട്ടങ്ങളെയും പാഴാക്കാനിടയുണ്ട്. കൂടാതെ 5 ജി നെറ്റ് വര്‍ക്കില്‍ വാവെ ടെക്നോളജീസിന്റെ സഹകരണം ഉപേക്ഷിക്കാന്‍ യുഎസ് മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളതും ചൈനയ്ക്ക് തിരിച്ചടിയാകും.

ടിക്ടോക്ക്, വി ചാറ്റ്, ഷെയര്‍ ഇറ്റ് തുടങ്ങി ചൈനീസ് വികസിത ആപ്പുകള്‍ നേരത്തെ തന്നെ സംശയനിഴലിലാണ്. കമ്പനികളുടെ മേല്‍ ചൈനീസ് ഭരണകൂടെ ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങളും ഇവയെ സംശയത്തിന്റെ നിഴലിലാക്കാന്‍ പ്രധാന കാരണമായി.

ചൈനീസ് ആപ്പുകളെപ്പറ്റി അമേരിക്ക മുമ്പേ തന്നെ മറ്റു ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയ്ക്കും ചൈനീസ് കമ്പനികള്‍ക്കുമെതിരെ അമേരിക്ക ഉയര്‍ത്തുന്ന ആരോപണങ്ങളും ഇന്ത്യ പ്രഖ്യാപിച്ച ആപ്പുകളുടെ നിരോധനവും സാങ്കേതികവിദ്യയെ ലോകരാഷ്ട്രതന്ത്രത്തില്‍ പ്രധാനഘടകമായി രാജ്യങ്ങള്‍ കണക്കാക്കുന്നതിന്റെ തെളിവാണ്.

ദേശീയ സുരക്ഷ, സാമ്പത്തിക കിടമത്സരം, സാമൂഹിക മൂല്യങ്ങള്‍ തുടങ്ങി പല വശങ്ങളിലും സാങ്കേതികവിദ്യയില്‍ ഊന്നിയ ദേശീയതയ്ക്ക് പ്രാധാന്യമേറി വരികയാണൈന്ന് സിംഗപ്പുര്‍ ആസ്ഥാനമായി ഗവേഷണം നടത്തുന്ന അലക്സ് കാപ്രി പറയുന്നു.

ചൈനയും ഇന്ത്യയുമായുള്ള സംഘര്‍ഷം ഇന്ത്യയെ അമേരിക്കയുമായി കൂടുതല്‍ അടുപ്പിക്കാനിടയാക്കുമെന്നാണ് ലിങ്നന്‍ യൂണിവേഴ്സിറ്റിയിലെ ഏഷ്യന്‍ പസഫിക് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഴാങ് ബാവോഹ്വി ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊതുജനതാല്‍പര്യം സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയമായി ആപ്പ് നിരോധനത്തെ കാണാമെന്നും ഴാങ് പറയുന്നു. ആപ്പുകള്‍ മാത്രമല്ല ഓണ്‍ലൈന്‍ വിപണിയില്‍ ചൈനീസ് നിര്‍മിത ഉത്പന്നങ്ങളുടെ നിരോധനവും ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സാങ്കേതികവിദ്യാരംഗത്ത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മത്സരം കടുക്കുന്നതിനിടെ ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് ഷാങ്ഹായ് ഡിജിറ്റല്‍ ഏഷ്യ ഹബില്‍ ഗവേഷകനായ ഡേവ് ലൂയിസ് അഭിപ്രായപ്പെട്ടു. ഇങ്ങനെ വന്നാല്‍ ചൈനീസ് സമ്പത്ത് വ്യവസ്ഥയെത്തന്നെ അത് ദോഷകരമായി ബാധിച്ചേക്കുമെന്നു തീര്‍ച്ചയാണ്.

Related posts

Leave a Comment