കോട്ടയം: മണ്ണിലും വിണ്ണിലും നക്ഷത്രത്തിളക്കം. ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി, മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്ക്കൊപ്പംതന്നെ പുല്‍ക്കൂടും തയാറാക്കണം. പതിവ് തെറ്റിക്കാതെ പാലക്കാട് വണ്ണാമട സ്വദേശി അറുമുഖവും കുടുംബവും പുല്‍ക്കൂടുമായി നഗരത്തില്‍ എത്തി.
അഞ്ചാം വര്‍ഷമാണ് ഇവര്‍ തുടര്‍ച്ചയായി പുല്‍ക്കൂട് വില്പനയ്ക്കായി കോട്ടയത്തെത്തുന്നത്. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനുസമീപം വഴിയരികിലാണ് വില്പന. 25 വരെ വില്പനയുണ്ടാകും. മുള, കച്ചി, നൂല്‍ക്കമ്പി എന്നിവ ഉപയോഗിച്ചാണ് പുല്‍ക്കൂട് നിര്‍മിക്കുന്നത്. പുല്‍ക്കൂടിനുള്ള ചട്ട പാലക്കാട്ടുനിന്നു തയാറാക്കി കൊണ്ടുവരും.
ഇവിടെ എത്തി ബാക്കി പണികള്‍ പൂര്‍ത്തിയാക്കി പുല്‍ക്കൂട് വില്പനയ്ക്ക് ഒരുക്കും. വിവിധ വലുപ്പത്തിലുള്ള പുല്ക്കൂടുകള് വില്പനയ്ക്കുണ്ട്. 250 മുതല്‍ 550 രൂപവരെയാണ് വില. ക്രിസ്മസ് സീസണില്‍ മാത്രമാണ് പുല്‍ക്കൂട് നിര്‍മാണം. ബാക്കിയുള്ള സമയത്ത് കുട്ട നെയ്ത് ഉപജീവനം കണ്ടെത്തും.
പ്ലാസ്റ്റിക്, ഫൈബര്‍ പുല്ക്കൂടുകള് എത്തിയതോടെ കച്ചവടം കുറഞ്ഞതായി അറുമുഖം പറയുന്നു. കഴിഞ്ഞ വര്‍ഷം കച്ചവടം കുറവായിരുന്നു. പഠിച്ച തൊഴിലാണ്, അത് നിര്‍ത്താന്‍ പറ്റില്ല. മകന് ശരവണ കുമാറും ഭാര്യ വിമലയും സഹായത്തിനുണ്ട്. കോട്ടയത്തിനു പുറമേ പാലായിലും കച്ചവടമുണ്ട്.
