പള്ളുരുത്തി: സിഐടിയു ജില്ലാ സമ്മേളനത്തിന് കൊടിയുയരും മുമ്പേ ഇടക്കൊച്ചിയില്‍ സിഐടിയു ചുമട്ടുതൊഴിലാളികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടയടി. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ യൂണിയന് പൂളിന് സമീപത്താണ് ഇന്നലെ രാവിലെ എട്ടരയോടെ കൂട്ടത്തല്ലുണ്ടായത്. പള്ളുരുത്തി, തോപ്പുംപടി, മുണ്ടംവേലി, ഇടക്കൊച്ചി മേഖലകളിലെ കയറ്റിറക്ക് ടേണ്‍ സംബന്ധിച്ചുള്ള തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്.
ഈ മേഖലയിലെ കയറ്റിറക്ക് ജോലി ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ഹാള്‍ട്ട് മേഖലയിലെ തൊഴിലാളികള്‍ക്കുകൂടി ടേണ്‍ വ്യവസ്ഥയില്‍ നല്‍കണമെന്നാവശ്യപ്പെട്ട് മട്ടാഞ്ചേരി ബിഎംഎ, ബിഎംബി പൂളിലെ തൊഴിലാളികളാണ് തര്ക്കവുമായെത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് നടുറോഡില്‍ നൂറോളം വരുന്ന തൊഴിലാളികള്‍ തമ്മില്‍ കൂട്ടയടിയാകുകയായിരുന്നു. സംഘര്‍ഷത്തില്‍ പത്തോളം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സ തേടി.
സ്ഥലത്ത് സംഘര്‍ഷമുണ്ടായതോടെ പ്രദേശവാസികള്‍ അറിയച്ചതിനെ തുടര്‍ന്ന് പള്ളുരുത്തി സ്റ്റേഷനില്‍നിന്ന് പൊലിസെത്തി ഇരുവിഭാഗത്തെയും പിടിച്ചു മാറ്റുകയായിരുന്നു. ഇരു വിഭാഗത്തിനുമെതിരെ കേസ് എടുക്കുമെന്ന് പൊലിസ് അറിയിച്ചു.
