ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് സംസ്ഥാനത്തുൾപ്പെടെ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ വാണിജ്യ പാചകവാതക സിലിണ്ടറുകൾക്കു കടുത്ത ക്ഷാമം. ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ ഹോട്ടൽ-റസ്റ്ററന്റ് ഉടമകൾ ആശങ്ക അറിയിച്ചതിനെത്തുടർന്ന്, എൽപിജി ഉത്പാദനം വർധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്കു കേന്ദ്രം നിർദ്ദേശം നൽകി.
കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നഗരങ്ങളിലും വാണിജ്യസിലിണ്ടറുകൾക്കു ക്ഷാമം അനുഭവപ്പെടുന്നതായി ഹോട്ടൽ ഉടമകൾ അറിയിച്ചു. കൊച്ചിയിൽ റീഫില്ലിംഗ് നിർത്തിവച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വാണിജ്യസിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കണമെന്ന് ഹോട്ടൽ അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.
അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം ഊർജഗതാഗത പാതകളെ ബാധിച്ചതോടെ ശനിയാഴ്ച സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിച്ചത്.
പാചകവാതകവിതരണം നിലച്ചതോടെ ബംഗളൂരുവിലെ ഹോട്ടലുകളുടെ പ്രവർത്തനം ഇന്നു മുതൽ തടസപ്പെടുമെന്ന് ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചു. എഴുപതു ദിവസത്തേക്കു തടസമില്ലാത്ത വിതരണം എണ്ണക്കമ്പനികൾ ഉറപ്പുനൽകിയിരുന്നെങ്കിലും പെട്ടെന്നുണ്ടായ വിതരണക്കുറവ് വലിയ തിരിച്ചടിയായെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. ചെന്നൈയിൽ ഐടി പാർക്കുകൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലേക്കുള്ള ഭക്ഷണ വിതരണത്തെ ഇതു ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
മുംബൈയിൽ ഏകദേശം ശതമാനത്തോളം ഹോട്ടലുകൾ ഇതിനകം പ്രവർത്തനം നിർത്തിവച്ചു. ദാദർ, അന്ധേരി തുടങ്ങിയ ഇടങ്ങളിലെ പ്രമുഖ ഹോട്ടലുകൾ മെനുവിൽ നിയന്ത്രണം ഏർപ്പെടുത്തുകയും പ്രവർത്തന സമയം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
വാണിജ്യസിലിണ്ടറുകളുടെ വിതരണത്തിനു നിരോധനമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എന്നാൽ പൂഴ്ത്തിവയ്പ് ഒഴിവാക്കാൻ സിലിണ്ടർ ബുക്കിംഗുകൾക്കിടയിൽ 25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന എൽപിജി നിലവിൽ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യമേഖലകൾക്ക് മുൻഗണന നൽകി വിതരണം ചെയ്യാനാണ് തീരുമാനം.
ഹോട്ടലുകൾക്കും മറ്റു വ്യവസായങ്ങൾക്കും ഗ്യാസ് ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കടക്കാത്ത പക്ഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകാൻ സാധ്യതയില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
