മങ്കൊമ്പ്: ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ് അനുദിനം താഴുന്നതായി ആക്ഷേപം. പമ്പാനദിക്കു പടിഞ്ഞാറെ കരയിലുള്ള അപ്രോച്ച് റോഡിന്റെ ഭാഗമാണ് ഇടിഞ്ഞു താഴുന്നത്. ഇതുമൂലം വാഹനങ്ങൾക്ക് പാലത്തിലേക്കു കയറാനും ഇറങ്ങാനും പ്രയാസമാണെന്നാണ് നാട്ടുകാർ പറയുന്നത്.
പാലത്തിലേക്കു കയറുന്ന വാഹനങ്ങൾ ഉയരക്കൂടുതൽ മൂലം നിന്നുപോകുന്നത് പതിവാകുന്നതാണ്. വാഹനങ്ങൾ പിന്നോട്ടിറങ്ങുന്നതുമൂലം പിന്നാലെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാകുന്നതും പതിവായിരിക്കുകയാണ്.
നെടുമുടി-കരുവാറ്റ റോഡിലേക്കു പ്രവേശിക്കുന്ന റോഡിന്റെ ഇടതുവശത്തുള്ള ഹൈമാസ്റ്റ് ലൈറ്റുനു സമീപത്തായി റോഡ് താഴ്ന്നുകിടക്കുന്നതുമൂലം ഇരു ചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായിരിക്കുകയാണ്. ഇവിടെ പുൽപ്പടർപ്പുകൾ വളർന്നുനിൽക്കുന്നതുമൂലം കാഴ്ച മറയുന്നതിനാൽ പ്രധാന റോഡിൽകൂടി വരുന്ന വാഹനങ്ങൾ കാണാനാകാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു.
മാർച്ച 19 നു ചമ്പക്കുളം ബസിലിക്കയിൽ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ നടക്കുന്നതിനാൽ നിരവധി തീർഥാടകരും, വാഹനത്തിരക്കുമുണ്ടാകും. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിച്ചു തീർഥാടകർക്കുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡ് മണ്ണിട്ടുയർത്തണം
ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ടുയർത്തണമെന്ന് ഗ്രാമപഞ്ചായത്തംഗം മാത്യു ആന്റണി ആവശ്യപ്പെട്ടു. ഇതോടൊപ്പം റോഡുവക്കിൽ വളർന്നുനിൽക്കുന്ന പുൽപ്പടർപ്പുകളും നീക്കംചെയ്യണം. മാർച്ച് 19 നു മുൻപായി ഈ ജോലികൾ പൂർത്തിയാക്കി തീർഥാടകർക്കു സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
