കൊച്ചി: യുഎസ് ആസ്ഥാനമായ മെഡിക്കല്‍ കോഡിംഗ് കമ്പനി കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചു വിടല്‍ താല്‍ക്കാലികമായി മരവിപ്പിച്ചെങ്കിലും ജോലിയില്‍ പ്രവേശിക്കാതെ ജീവനക്കാര്‍. തൊഴില്‍ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം മാത്രമേ ഓഫീസിലേക്ക് മടങ്ങണോ എന്നതില്‍ തീരുമാനം എടുക്കുകയുള്ളു എന്നാണ് ജീവനക്കാരുടെ നിലപാട്.
ഇന്നലെ രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് പിരിച്ചുവിട്ട വിവരം ജീവനക്കാര്‍ അറിയുന്നത്. പിരിച്ചുവിടുന്നവരുടെ പേരുകള്‍ ഓഫീസിലെ സ്പീക്കര്‍ വഴി അനൗണ്‍സ് ചെയ്യുകയായിരുന്നു. ഇതാണ് നിങ്ങളുടെ അവസാന ദിവസം, എല്ലാവര്ക്കും റിലീവിംഗ് ആണെന്നായിരുന്നു എച്ച്ആര്‍ വിഭാഗത്തില്‍ നിന്നുള്ള സന്ദേശം. തുടര്‍ന്ന് പിരിച്ചു വിടല്‍ നോട്ടീസ് നല്കി ഉടന്‍ തന്നെ ഓഫീസില്‍ നിന്ന് പുറത്തുപോകാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
സംഭവംവിവാദമായതോടെ ഉമാ തോമസ് എംഎല്‍എ വിഷയത്തില്‍ ഇടപെട്ട് വിവരങ്ങള്‍ തൊഴില്‍മന്ത്രിയെ അറിയിച്ചു.ആറിന് തിരുവനന്തപുരത്ത് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടക്കും. ചര്‍ച്ച പൂര്‍ത്തിയാകുന്നതു വരെ നിലവിലെ സ്ഥിതി തുടരാനായിരുന്നു തീരുമാനം.എന്നാല്‍ ആശങ്കകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മിക്ക ജീവനക്കാരും ഇന്നലെ വൈകിട്ട് തന്നെ നാടുകളിലേക്ക് മടങ്ങിയിരുന്നു.
