ഹരിപ്പാട്: സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ സ്ഥാപിക്കാനുള്ള നീക്കത്തിൽ വൻ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട് ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയനും സഹകരണമന്ത്രി വി.എൻ. വാസവനും ജനങ്ങളോട് മാപ്പു പറയണമെന്ന് രമേശ് ചെന്നിത്തല.
ഭരണത്തിന്റെ അവസാനനാളുകളിൽ സിപിഎം നേതൃത്വത്തിലുള്ള ദിനേശ് സഹകരണസംഘത്തിന് അനധികൃതമായി കരാർ നൽകി 550 കോടിയോളം രൂപ തട്ടാനായിരുന്നു സർക്കാർ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. ഹരിപ്പാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 1,612 സഹകരണസംഘങ്ങളിലെ 4,415 ശാഖകളിൽ സോഫ്റ്റ്വെയർ സ്ഥാപിക്കാനായി കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയെ തഴഞ്ഞ്, നാലിരട്ടി തുക ആവശ്യപ്പെട്ട ദിനേശ് കൺസോർഷ്യത്തിന് കരാർ നൽകാനാണ് സർക്കാർ ശ്രമിച്ചത്.മലബാർ ഇൻഫർമേഷൻ ടെക്നോളജി (മിറ്റ്കോ) 4415 ശാഖകളിൽ സോഫ്റ്റ്വെയർ സ്ഥാപിക്കാൻ ആകെ 231.7 കോടി രൂപ (ഒരു ശാഖയ്ക്ക് 5.24 ലക്ഷം രൂപ) ക്വോട്ട് ചെയ്തപ്പോൾ, ദിനേശ് സംഘം 280 ശാഖകൾക്ക് മാത്രമായി 49.9 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഈ നിരക്കിൽ എല്ലാ ശാഖകളിലും സോഫ്റ്റ്വെയർ നടപ്പിലാക്കുമ്പോൾ ഖജനാവിന് ഏകദേശം 785 കോടി രൂപ ചെലവാകും.
അതായത് ഒരു ശാഖയ്ക്ക് 17.8 ലക്ഷം രൂപ വീതം നൽകേണ്ടിവരും. ഇത്രയും വലിയ അഴിമതി പുറത്തുകൊണ്ടുവന്നപ്പോൾ തന്നെ പരിഹസിക്കുകയും ഇത് ലാഭകരമായ ഇടപാടാണെന്ന് ജനങ്ങളോട് പച്ചക്കള്ളം പറയുകയുമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.ടിസിഎസ് അടക്കമുള്ള അന്താരാഷ്ട്ര നിലവാരമുള്ള കമ്പനികളെ ഒഴിവാക്കാൻ ടെൻഡർ നിബന്ധനകളിൽ മാറ്റം വരുത്തിയാണ് സിപിഎം നിയന്ത്രണത്തിലുള്ള സംഘത്തിന് വഴിവിട്ട സഹായം നൽകിയത്.
സ്പ്രിംഗ്ലർ, ബ്രുവറി, ആഴക്കടൽ മത്സ്യബന്ധന ഇടപാടുകൾ എന്നിവ പുറത്തുകൊണ്ടുവന്നപ്പോഴും തുടക്കത്തിൽ പരിഹസിക്കുകയും പിന്നീട് നാണംകെട്ട് പിൻവാങ്ങുകയും ചെയ്തതാണ് മുഖ്യമന്ത്രിയുടെ ചരിത്രമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കുന്നു എന്ന് പരിഹസിച്ച മന്ത്രി വാസവനും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ എ.ക.രാജൻ, ജോൺ തോമസ്, കെ. ബാബുക്കുട്ടൻ എന്നിവരും പങ്കെടുത്തു.
