വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധം അവസാനത്തോടടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടി ഇറാനെ ഇല്ലാതാക്കുകയാണെന്നും ന്യൂയോർക്ക് ടൈംസിനു നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഞങ്ങൾ അവിടെ അധികനാൾ ഉണ്ടാകില്ല. അവരുടെ പ്രതിരോധശേഷി ഏറെക്കുറെ ഇല്ലാതായി. അവർക്ക് ഇനി വലിയ ആക്രമണശേഷിയില്ല. യുഎസ് പിന്മാറിയാൽ ഹോർമുസ് കടലിടുക്കിലെ സ്ഥിതി സ്വയം പരിഹരിക്കപ്പെടും. ഇതോടെ ഈ ജലപാതയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങൾക്ക് കാര്യങ്ങൾ സ്വന്തം നിലയിൽ തീരുമാനിക്കാമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, ഇറാനിലെ സൈനിക നടപടിയുടെ സാമ്പത്തികഭാരം പങ്കിടാൻ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടേക്കാമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലിവിറ്റ് സൂചിപ്പിച്ചു. കുവൈറ്റ്, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങൾ യുദ്ധത്തിന്റെ ചെലവ് നൽകണമോയെന്ന ചോദ്യത്തിന് പ്രസിഡന്റിനോട് കൂടുതൽ ചോദിക്കാൻ ലിവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിൽ വരും ദിവസങ്ങൾ അതീവ നിർണായകമാണെന്നും ശത്രുവിനെ തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ടു യുദ്ധഭൂമിയിലിറക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇറാനെതിരേ സ്വീകരിക്കാൻ പോകുന്ന സൈനിക തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ലെന്നും കരസേനയെ വിന്യസിക്കുമോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി നൽകുന്നത് ശത്രുവിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികകേന്ദ്രങ്ങളിൽ താൻ രഹസ്യ സന്ദർശനം നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാകാരണങ്ങളാൽ സന്ദർശനം നടത്തിയ സ്ഥലങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഒരു മാസമായി തുടരുന്ന സൈനികനീക്കത്തിലൂടെ ഇറാന്റെ 11,000 ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി പത്രസമ്മേളനത്തിൽ പങ്കെടുത്ത യുഎസ് സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ അവകാശപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾ, ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ, ലോജിസ്റ്റിക് ശൃംഖലകൾ എന്നിവ തകർക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്റെ നാവികസേനയ്ക്കുമേൽ അമേരിക്കൻ സൈന്യം ആധിപത്യം സ്ഥാപിച്ചതായും കടലിൽ മൈനുകൾ വിന്യസിക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കിയതായും ജനറൽ കെയ്ൻ വ്യക്തമാക്കി.
