രാത്രി ഏഴോടെ യുവാവും യുവതിയും റോഡില്‍ വച്ച് ചങ്ങല കൊണ്ടു ബന്ധിച്ചു, പെട്രോളൊഴിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി, പോലീസെത്തിയപ്പോള്‍ കാമുകനെ ഒറ്റുകൊടുത്ത് കാമുകിയും, പത്തനാപുരത്ത് നടന്നത്

കാമുകനും കാമുകിയും ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ നടുറോഡില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ശ്രമം പരാജയപ്പെട്ടതോടെ പോലീസും പൊക്കി. ഒടുവില്‍ കാമുകന്‍ അറസ്റ്റിലായി. സിനിമയെ വെല്ലും നാടകീയ സംഭവങ്ങള്‍ നടന്നത് പത്തനാപുരത്താണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

കോട്ടവട്ടം പാട്ടപ്പുരമുകള്‍ സ്‌കൂള്‍ ജംഗ്ഷനിലായിരുന്നു സംഭവം. യുവതിയും യുവാവും തമ്മില്‍ ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവാവ് പല തവണ യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് വഴങ്ങിയില്ല. വീട്ടുകാര്‍ അനുവദിച്ചാല്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്ന നിലപാടിലാണ് യുവതിയും.

ഒന്നിച്ചു ജീവിക്കാന്‍ പറ്റില്ലെന്ന് ഉറപ്പായതോടെ ഇരുവരും മരിക്കാന്‍ തീരുമാനിച്ചു. എല്ലാവരും കാണ്‍കേ മരിക്കാമെന്ന് കാമുകി പറഞ്ഞപ്പോള്‍ യുവാവിനും സമ്മതം. ഇതേതുടര്‍ന്ന് യുവതിയെയും കൂട്ടി ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. യുവതി വീട്ടുകാരുടെ കൂടെ പോയി.

Related posts