കുറവിലങ്ങാട്: വേനൽച്ചൂടിൽ മനുഷ്യർക്കൊപ്പം മിണ്ടാപ്രാണികളും ദുരിതത്തിൽ. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ക്ഷീരകർഷക മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. പാലുത്പാദനത്തിലെ കുറവിന് പിന്നാലെ പശുക്കൾ ചാവുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.
കുര്യനാട് മേഖലയിൽ മാത്രം മൂന്നു പശുക്കളാണ് വേനൽ കടുത്തതിന് പിന്നാലെ ചത്തത്. ഇവയെല്ലാം പ്രസവത്തിന് തൊട്ടുപിന്നാലെയാണ് ചത്തതെന്നത് നഷ്ടത്തിന്റെ കണക്ക് പല മടങ്ങ് വർധിപ്പിക്കുന്നു. ഇപ്പോൾ പ്രസവിക്കുന്ന പശുക്കൾക്ക് ശരാശരി മൂന്നിലൊന്ന് പാൽ കുറവാണെന്ന് അവാർഡ് ജേതാവുകൂടിയായ ക്ഷീര കർഷകൻ കുര്യനാട് വട്ടമുകളേൽ ബിജു പറയുന്നു.
വേനൽച്ചൂട് ശക്തമായതോടെ പശുക്കളുടെ ജീവൻ നിലനിർത്താൻ പലയിടങ്ങളിലും കൂറ്റൻ ഫാനുകൾ ഘടിപ്പിച്ചിരിക്കുകയാണ്. ചില ക്ഷീരകർഷകർ അന്യ സംസ്ഥാനങ്ങളിൽനിന്ന് ഫാനുകൾ എത്തിച്ച് തൊഴുത്ത് തണുപ്പിക്കുന്നുണ്ട്. പതിനായിരക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അധികമായി വിനിയോഗിക്കേണ്ടി വരുന്നത്.
ചൂട് ശക്തമായതിനുപിന്നാലെ പശുക്കൾ കഴിക്കുന്ന ആഹാരത്തിന്റെ അളവിലും കാര്യമായ കുറവ് വന്നിട്ടുള്ളതായി ക്ഷീരകർഷകർ പറയുന്നു. ഇതും പാൽ ഉത്പാദനം കുറയാൻ കാരണമാക്കിയിട്ടുണ്ട്.
