സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ച തടയുന്നു. ഗർഭിണികളുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് സഹായകം. അതിലുളള വിറ്റാമിൻ എ, സി എന്നിവ ഗർഭസ്ഥശിശുവിന്റെ ചർമം, കണ്ണുകൾ, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. ഗർഭിണികൾ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം. മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുളള ആന്റി ഓക്സിഡൻറുകൾ അണുബാധ തടയുന്നതിനു സഹായകം.
ചർമസംരക്ഷണം
സീതപ്പഴത്തിലുളള വിറ്റാമിൻ സി, എ, ബി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമത്തിലെ മുറിവുകൾ ഭേദപ്പെടുന്നതിനും പുതിയ പാളി ചർമകോശങ്ങൾ രൂപപ്പെടുന്നതിനും സഹായകം.
സ്ട്രസ് കുറയ്ക്കാം
ബി കോംപ്ലക്സ് വിറ്റാമിനുകൾ സീതപ്പഴത്തിൽ ധാരാളം. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെ ഇവ നിയന്ത്രിക്കുന്നുണ്ട്. അതിനാൽ സ്ട്രസ്, ടെൻഷൻ, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനു സഹായകം.
ചർമസംരക്ഷണത്തിന്
സീതപ്പഴം ശീലമാക്കിയാൽ ചർമത്തിൽ ചുളിവുകൾ രൂപപ്പെടുന്നതു തടയാം. ചർമത്തിന്റെ ഇലാസ്തിക കൂട്ടാം. അതിലുളള വിറ്റാമിൻ സി ചർമകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെട്ടു ചർമത്തിൽ പാടുകളും മറ്റും രൂപപ്പെടുന്നതു കുറയ്ക്കുന്നു. യുവത്വം നിലനിർത്തുന്നു. സൂര്യപ്രകാശത്തിലെ ദോഷകരമായ കിരണങ്ങളിൽ നിന്നു ചർമം സംരക്ഷിക്കുന്നു. പുതിയ ചർമകോശങ്ങൾ രൂപപ്പെടുന്ന പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും അതിലെ ആന്റി ഓക്സിഡന്റുകൾ സഹായകം.
മുഖക്കുരു കുറയ്ക്കാം
മുഖക്കുരുവിന്റെ ആക്രമണത്തിൽ നിന്നു കൗമാരത്തെ സംരക്ഷിക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സേബത്തിന്റെ ഉത്പാദനം കുറയ്ക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. സീതപ്പഴത്തിലെ നാരുകളും ആന്റി ഓക്സിഡൻറുകളും ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങൾ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു സഹായകം. ഇതു ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കൊളാജെൻ എന്ന പ്രോട്ടീന്റെ അളവു കൂട്ടുന്നതിനു സീതപ്പഴത്തിലെ വിറ്റാമിൻ സി സഹായകം. അതിൽ ഉയർന്ന തോതിൽ അടങ്ങിയ കോപ്പർ അകാലനര തടയുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നു. മുടികൊഴിച്ചിൽ കുറയ്ക്കുന്നു.
(സീതപ്പഴം എത്രത്തോളം കഴിക്കാം എന്നതിൽ ഗർഭിണികൾക്കു ഡോക്ടറുടെ നിർദേശം തേടാവുന്നതാണ്)
