അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ‘വായു’ചുഴലിക്കാറ്റായി മാറി ! അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യത; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്തമഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറിയെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് രാവിലെയോടെയാണ് ചുഴലിക്കാറ്റായി മാറിയത്. വായു എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കേരള തീരത്തു നിന്ന് 300 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു ഭാഗത്താണ് തീവ്രന്യൂനമര്‍ദ മേഖല.

Related posts