കോട്ടയം: സിലിണ്ടര്‍ പ്രതിസന്ധിയില്‍ ഇന്നലെ ജില്ലയിലെ നിരവധി ഹോട്ടലുകള്‍ അടഞ്ഞുകിടന്നു. ഇന്ത്യന്‍ കോഫി ഹൗസുകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ഹോട്ടലുകളിലും ചായ, കാപ്പി എന്നിവ നല്കുന്നതു നിശ്ചിത സമയങ്ങളില്‍ മാത്രമാക്കി. രാവിലെയും വൈകുന്നേരവും മാത്രമാണ് ചായയും കാപ്പിയും നല്‍കുന്നത്.
പാചകവാതക സിലിണ്ടര്‍ പ്രതിസന്ധിയിൽ ഹോട്ടല്‍ മേഖലയ്ക്കു പിന്നാലെ റബര്‍ കര്‍ഷകരും വിഷമവൃത്തത്തിലായി. സിലിണ്ടര്‍ കിട്ടാതായതോടെ ജില്ലയിലെ ക്രമ്പ് ഫാക്ടറികള്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ഇതോടെ ഒട്ടുപാല്, ചിരട്ടപ്പാല്‍ ഉത്പാദിപ്പിക്കുന്ന റബര്‍ കര്‍ഷകര്‍ക്ക് വില്പന നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. ജില്ലയിലെ 12 ഫാക്ടറികളില്‍ എട്ടെണ്ണമാണ് പ്രവര്‍ത്തനം താത്കാലിമായി നിര്‍ത്തിയത്.
30 ടണ്‍ ഉത്പാദനം നടക്കുന്ന ഒരു ഫാക്ടറിയില്‍ പ്രതിദിനം 150 കിലോയില്‍പ്പരം ഗ്യാസ് വേണ്ടിവരും. സിലിണ്ടര്‍ ലഭ്യത ഉറപ്പാക്കിയാല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങാനാകൂ. ഭൂരിഭാഗം ഫാക്ടറികളും ഗ്യാസ് ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്രമ്പ് കഴിഞ്ഞ ഒരാഴ്ച മുമ്പു 150 രൂപയ്ക്കുവരെ കച്ചവടം നടന്നിരുന്നു.
എന്നാല്‍ ഇന്നലെ 130 രൂപയ്ക്കും അതിനു താഴെയുമാണ് വ്യാപാരം നടന്നത്. ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടെ ജോലിചെയ്യുന്ന 80 ശതമാനം ഇതര സംസ്ഥാന തൊഴിലാളികളും നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലാണ്. തെരഞ്ഞെടുപ്പും എസ്ഐആര്‍ നടപടികളുംമൂലം ഇവര്‍ മടങ്ങാനിരിക്കെയാണു പുതിയ പ്രതിസന്ധിയുണ്ടായത്.
ഈ സാഹചര്യം മുതലെടുത്ത് കുറഞ്ഞ വിലയ്ക്ക് ഒട്ടുപാലും ചിരട്ടപ്പാലും സംഭരിക്കുന്നവരും വിപണിയിലുണ്ടെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.
