തിരുവനന്തപുരം: കർഷക പെൻഷൻ 10,115പേർക്കുകൂടി അനുവദിച്ചു. ചെറുകിട- നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ 2021നു ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകരെകൂടി ഉൾപ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. 2000 രൂപ വീതമാണ് പെൻഷൻ. ഇതിനായി 24.276 കോടി രൂപ അനുവദിക്കും. ഇതിനു പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെകൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശം അഭിമുഖീകരിക്കുന്നതിനുള്ള അടിയന്തര സഹായ പദ്ധതി പ്രകാരം 2021 ഒക്ടോബർ മുതലുള്ള 76.68 കോടി രൂപയുടെ കുടിശിക അനുവദിക്കാനും തീരുമാനിച്ചു.
നിലവിൽ വിതരണം ചെയ്തു കഴിഞ്ഞ 87.89 കോടി രൂപയ്ക്ക് പുറമേയാണ് തുക അനുവദിക്കുന്നത്. 1,50,267 കർഷകർക്കാണ് തുക വിതരണം ചെയ്യുക. സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിൽ 2024 ജൂണ്‍ മുതൽ കുടിശികയുള്ള 43.19 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവിൽ വിതരണം ചെയ്തു കഴിഞ്ഞ 136 കോടി രൂപയ്ക്കു പുറമേയാണ് തുക അനുവദിക്കുക. 18,171 കർഷകർക്കാണ് ഇൻഷ്വറൻസ് അനുകൂല്യം നൽകാനുള്ളത്.
വിളനാശത്തിനുള്ള അടിയന്തര സഹായ പദ്ധതിയിലും സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിലുമുള്ള കുടിശിക തീർക്കുന്നതിന് കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്നും തുക ചെലവഴിക്കാനും തീരുമാനിച്ചു.
