സ്ത്രീകളെ പൂര്‍ണമായും വിവസ്ത്രരാക്കാന്‍ സോഫ്റ്റ് വെയര്‍ ‘ഡീപ്പ് ന്യൂഡ്’ ! ഒടുവില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ആപ്പ് അടച്ചു പൂട്ടി;വൈറലായി മാറുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നിര്‍മാതാക്കള്‍

നിര്‍മിതബുദ്ധിയുടെ പുരോഗതി പല നേട്ടങ്ങള്‍ക്കും കാരണമാകുമെങ്കിലും പല പ്രശ്‌നങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കുമെന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സ്ത്രീകളെ വിവസ്ത്രരാക്കാന്‍ സഹായിച്ച ഡീപ്പ് ന്യൂഡ് എന്ന ആപ്ലിക്കേഷന്‍ അടച്ചുപൂട്ടി. സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സഹാചര്യത്തിലാണ് ഡീപ്പ് ന്യൂഡ് ആപ്ലിക്കേഷന്‍ പിന്‍വലിക്കേണ്ടി വന്നത്.

വിനോദത്തിന് വേണ്ടിയാണ് മാസങ്ങള്‍ക്ക് മുമ്പ് ഡീപ്പ് ഫേക്ക് സോഫ്റ്റ് വെയര്‍ അവതരിപ്പിച്ചതെന്ന് സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കള്‍ പറയുന്നു. എന്നാല്‍ ഇതൊരു വൈറലായി മാറുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നും അതിലേക്കുള്ള ആളുകളുടെ വരവ് നിയന്ത്രിക്കാനായില്ലെന്നും ഡീപ്പ് ന്യൂഡ് നിര്‍മാതാക്കള്‍ പറയുന്നു. സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടും അഞ്ച് ലക്ഷത്തോളം പേര്‍ ഇത് ഉപയോഗിച്ചെങ്കില്‍ ഇവിടെ ദുരുപയോഗം നടക്കാനുള്ള സാധ്യതയേറെയാണെന്നും ആ രീതിയില്‍ പണമുണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഡീപ്പ്ന്യൂഡ് ആപ്പ് പിന്‍വലിക്കുന്നതായറിയിക്കുന്ന ട്വീറ്റില്‍ അതിന്റെ നിര്‍മാതാക്കള്‍ പറഞ്ഞു.

വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം നല്‍കിയാല്‍ മതി. അവരെ നഗ്‌നയാക്കാന്‍ സോഫ്റ്റ് വെയറിന് സാധിക്കും. ഇത് വലിയ സംവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. പണം വാങ്ങിയും, സൗജന്യമായും ഡീപ്പ് ന്യൂഡ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. യഥാര്‍ത്ഥ്യത്തോട് കിടപിടിക്കുന്ന വീഡിയോകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യയുടെ മറ്റൊരു രൂപമാണ് ഇത്. എന്തായാലും ഡീപ്പ് ന്യൂഡ് ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായെങ്കിലും സോഫ്റ്റ് വെയറിന്റെ ചില പതിപ്പുകള്‍ ഇപ്പോഴും ലഭ്യമാണെന്നും അവ ദുരുപയോഗം ചെയ്യപ്പെടാമെന്നും വിമര്‍ശനമുണ്ട്.

Related posts