സ്മാരകമാക്കാമെന്നത് അതിമോഹം ;ജയലളിതയുടെ വസതി വേദനിലയത്തിന്റെ അവകാശം ഉന്നയിച്ച് ദീപ ജയകുമാര്‍ വീണ്ടും രംഗത്ത്; വേദനിലയം പിടിച്ചെടുക്കാന്‍ നടക്കുന്ന കളികള്‍ ഇങ്ങനെ…

ചെന്നൈ:തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ വസതി വേദനിലയത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സഹോദരപുത്രി ദീപ ജയകുമാര്‍ വീണ്ടും രംഗത്ത്. തനിക്കും സഹോദരനും മാത്രമാണ് വേദനിലയത്തിന്റെ ഉടമസ്ഥാവകാശമെന്ന് ദീപ ആവര്‍ത്തിച്ചു. വേദനിലയം ജയലളിതയുടെ സ്മാരകമാക്കാനുള്ള മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ തീരുമാനത്തിനെതിരെ ദീപ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വില്‍പത്രം തയ്യാറാക്കാതെ മരിച്ച സാഹചര്യത്തില്‍ കോടനാട് എസ്റ്റേറ്റ് അടക്കം ജയയുടെ സ്വത്തുക്കളുടെ അവകാശികള്‍ താനും സഹോദരനും മാത്രമാണെന്നും ദീപ കൂട്ടിച്ചേര്‍ത്തു. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം തനിക്കും സഹോദരനും അവകാശപ്പെട്ട സ്വകാര്യ സ്വത്താണ് വേദനിലയം. സ്വകാര്യ സ്വത്ത് സ്മാരകമായി പ്രഖ്യാപിക്കാന് മുഖ്യമന്ത്രിക്ക് അവകാശമില്ല.

വേദനിലയത്തില് നടത്തിയ അനധികൃത സര്‍വേ ഉള്‍പ്പെടെയുള്ള നടപടികളില്‍ ഹൈക്കോടതി ഇടപെടണമെന്നും ദീപ ഹര്‍ജിയില് ആവശ്യപ്പെട്ടു. തന്റെ പിതാവ് ജയകുമാറിന്റേയും ജയലളിതയുടേയും പേരില്‍ അമ്മ വേദവല്ലി എന്ന സന്ധ്യ വാങ്ങിയ വീടാണ് വേദനിലയം. 1971ല് വേദവല്ലിയുടെ മരണ ശേഷം തന്റെ പിതാവും ജയലളിതയും അവിടെ ഒരുമിച്ചാണ് താമസിച്ചിരുന്നത്. പിന്നീട് ഉപരിപഠനാര്‍ത്ഥം ജയകുമാര്‍ ടി നഗറിലേക്ക് മാറുകയായിരുന്നുവെന്നും ദീപ ഹര്‍ജിയില്‍് ചൂണ്ടിക്കാട്ടുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലം പ്രകാരം ജയയും അമ്മയും ചേര്‍ന്ന് 1967ല്‍ 1.32 ലക്ഷം രൂപയ്ക്ക് വാങ്ങിയ വീടാണ് ദേവനിലയം. നിലവില്‍ 72.09 കോടി രൂപയാണ് വീടിന്റെ വിപണിമൂല്യം.

 

Related posts