ദന്ത, വായ ശുചിത്വം നമ്മുടെ ദിനചര്യയുടെ പ്രധാന ഭാഗമാണ്. പല്ലുതേക്കുന്നതു കൃത്യമായി ചെയ്യാൻ പഠിച്ചാൽ അതിലൂടെ ഉദ്ദേശിക്കുന്ന ഗുണവും ലഭിക്കും.
ദന്ത,വായ ശുചീകരണത്തിന്റെ ഉദ്ദേശം ദന്തക്ഷയം, മോണരോഗങ്ങൾ, അനുബന്ധ രോഗങ്ങൾ എന്നിവ ഉണ്ടാകാതിരിക്കുക എന്നതാണ്. പല്ലു തേക്കുന്നതിലൂടെ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ ഭക്ഷണ അവശിഷ്ടങ്ങൾ, ഉമിനീരിൽ നിന്നു പല്ലിനിടയിലും മോണയുടെ ഇടയിലും അടിഞ്ഞുകൂടുന്ന ചെത്തൽ, കക്ക എന്നിവയെ നീക്കം ചെയ്യാം.
പ്ലാക്ക്
പല്ലിന്റെ ഉപരിതലത്തിലും മോണയുടെ ഇടയിലുമായി രൂപപ്പെടുന്ന നേർത്തതും നഗ്നനേത്രങ്ങളാൽ കാണുവാൻ സാധിക്കാത്തതുമായ അംശമാണ് പ്ലാക്ക്. ഇത് രോഗാണുക്കളുടെ കോളനിയാണ്.
ഡെന്റൽ കാൽക്കുലസ്
ഇത് മോണയും പല്ലുമായി ചേരുന്ന സ്ഥലത്ത് കട്ടിയായി പറ്റിപ്പിടിച്ചിരിക്കുന്നു. ഇത് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പല്ലുതേപ്പ് കൃത്യമല്ലാതെ ആകുന്നതുകൊണ്ടും വായ്ക്കുള്ളിലെ ഫ്ലൂയിഡുകളിൽ നിന്നും കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ നിന്നും അടിഞ്ഞുകൂടുന്നതാണ് ഇത്. കൃത്യമായ പല്ലുതേപ്പിന്റെ അഭാവത്തിൽ കട്ടിയാക്കുന്ന അംശങ്ങളുമുണ്ട്. ഇത് ദീർഘകാലം നിലനിൽക്കുകയും കൂടിവരികയും മോണ വലിയുന്നതിനും എല്ല് ദ്രവിക്കുന്നതിനും കാരണമായി മാറുകയും ചെയ്യും. ഇതുകാരണം പല്ലിന്റെ അടിത്തറ ഇളകുകയും ക്രമേണ പല്ല് ഇളകിപ്പോകാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യും.
പല്ലു ക്ലീനിംഗ് രണ്ടു രീതിയിൽ
ഹോം ക്ലീനിംഗ്, പ്രഫഷണൽ ക്ലീനിംഗ്
ഹോം ക്ലീനിംഗ്
ദിവസവും രാവിലെയും വൈകുന്നേരവും ഉള്ള കൃത്യമായ പല്ലുതേപ്പും ഫ്ലോസ്സിഗും. പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ ചെയ്യേണ്ടതാണ്.
പ്രൊഫഷണൽ ക്ലീനിംഗ്
ഇത് ഒരു ദന്ത ഡോക്ടറുടെ അടുത്തുചെന്ന് ക്ലീൻ ചെയ്യുന്ന രീതിയാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ അടുക്കൽ പോയി പല്ലു ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണ്. അൾട്രാസോണിക് ഡിവൈസ് ഉപയോഗിച്ച് പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയുള്ള പദാർഥങ്ങൾ നീക്കംചെയ്യുന്നതു വഴി മോണയുടെയും പല്ലിന്റെയും ആരോഗ്യം നിലനിർത്തുന്നു. ഇത് വർഷത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി നടത്തേണ്ടതാണ്. ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ ഡീപ് ക്ലീനിംഗും ആവശ്യമെങ്കിൽ ഫ്ലാപ്പ് സർജറിയും നടത്തേണ്ടത് മോണയുടെ ആരോഗ്യത്തിനും ബലത്തിനും ആവശ്യമാണ്.
ഈ രണ്ടു കാര്യങ്ങൾ കൃത്യമായി ചെയ്താൽ മോണയുടെയും ആരോഗ്യം നല്ലൊരു പരിധിവരെ സംരക്ഷിക്കാം.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
