ആലപ്പുഴ: കെഎസ്ആർടിസി ബസുകളിൽനിന്ന് ഡീസൽ മോഷ്ടിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. ചേർത്തല ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ പൊലിസിൽ പരാതി നൽകി.
കെഎസ്ആർടിസി ആഭ്യന്തര അന്വേഷണ വിഭാഗം നടത്തിയ ഒളികാമറ ഓപ്പറേഷനിലൂടെയാണ് ഡീസൽ മോഷണത്തിന്റെ വിവരം പുറത്തുവന്നത്. സർവീസ് കഴിഞ്ഞ് ഡിപ്പോയിലെത്തുന്ന ബസുകളിൽനിന്ന് ഡീസൽ ചോർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അന്വേഷണം. ബസുകളുടെ മൈലേജ് കുറഞ്ഞതോടെയാണ് അധികൃതർക്ക് സംശയം തോന്നിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിദിനം 10 മുതൽ 25 ലിറ്റർ വരെ ഡീസൽ ബസുകളിൽനിന്ന് ചോർത്തുന്നതായി കണ്ടെത്തി. ഏറെ നാളായി മോഷണം തുടരുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ആഭ്യന്തര അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽനിന്ന് പണം ചെലവഴിച്ചാണ് ബസുകളിൽ രഹസ്യ കാമറകൾ സ്ഥാപിച്ചത്.
ഇതിലൂടെ ഡീസൽ മോഷണത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തുകയും ജീവനക്കാരെ തിരിച്ചറിയുകയുമായിരുന്നു. സംഭവത്തിൽ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ നൽകിയ പരാതിയിൽ ചേർത്തല പൊലിസ് അന്വേഷണം ആരംഭിച്ചു.
