മനസിനു സന്തോഷം നൽകുന്ന വാർത്ത കേൾക്കാനാകും നമുക്ക് എല്ലാവർക്കും ഇഷ്ടം. സമൂഹ മാധ്യമങ്ങളിൽ പല തരത്തിലുള്ള വീഡിയോ ദിവസവും വൈറലാകാറുണ്ട്. ഹൃദയംനിറയ്ക്കുന്നൊരു വീഡിയോ ആണ് ഇന്നും സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.
മുംബൈയിലെ തെരുവോരങ്ങളിലൂടെ യൂട്യൂബറും ഇൻഫ്ലുവൻസറുമായ കരൺ ജോഷി എന്ന യുവാവ് തന്റെ നായകളെയുംകൊണ്ട് നടക്കാൻ ഇറങ്ങുമായിരുന്നു. കഴിഞ്ഞ ദിവസവും കിരൺ പതിവ് നടത്തത്തിനായി ഇറങ്ങി. വഴിമധ്യേ ഒരു യാചകൻ എന്ന് തോന്നിക്കും വിധം ഒരു ചെറുപ്പക്കാരൻ റോഡിന്റെ അരികിലായി ഇരിക്കുന്നത് കിരൺ കണ്ടത്. ഒറ്റ നോട്ടത്തിൽത്തന്നെ അയാളെ കണ്ടാൽ ആരുമൊന്നു മുഖം തിരിച്ചുപോകും. അത്രയ്ക്കും വിരൂപമായിരുന്നു ചെറുപ്പക്കാരന്റെ ആരോഗ്യ സ്ഥിതി.
കാലിൽ ഒരു വലിയ മുറിവ് ഉണ്ടായി അതിൽ നിന്നു പുഴുക്കൾ പുറത്തേക്ക് ചാടുന്നു. അസഹനീയമായ ദുർഗന്ധം കാരണം അവന്റെ അടുത്തേക്ക് ആരും തന്നെ പോകുന്നില്ല. നടക്കാൻ പോലും ബുദ്ധിമുട്ടുന്ന അവന്റെ അവസ്ഥകണ്ട് ദയതോന്നിയ കിരൺ അവനെ ചേർത്തു പിടിക്കുകയും ആശുപത്രിയിൽ എത്തിച്ച് മതിയായ ശുശ്രൂഷകൾ കൊടുക്കുകയും ചെയ്തു.
ഓർമ നഷ്ടപ്പെട്ട് ഒരു ഭ്രാന്തനെപ്പോലെ ആയിരുന്നു അവന്റെ അവസ്ഥ. അവിടെ ഉപേക്ഷിച്ചു പോകാൻ സാധിക്കാത്തതിനാൽ കിരൺ അവനെയുംകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോയി. ഉടുക്കാൻ നല്ല വസ്ത്രങ്ങളും വാങ്ങിക്കൊടുത്തു. സ്റ്റേഷനിലെത്തി കാര്യം പറഞ്ഞപ്പോൾ പോലീസുകാർ അവനോട് പേര് ഓർത്തെടുക്കാൻ പറഞ്ഞു. അവനാകെ ഹരിഹർ ഗഞ്ച് എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നു. ജാർഖണ്ഡിലെ ഒരു ഗ്രാമമാണ് ഹരിഹർ ഗഞ്ച്. അങ്ങനെ യുവാവിന്റെ ഫോട്ടോ സോഷ്യൽ മീഡിയകളിലും ജാർഖണ്ഡ് പോലീസിനുമൊക്കെ കൈമാറി.
അൽപ സമയത്തിനുശേഷം ചെറുപ്പക്കാരന്റെ വീട് കണ്ടെത്തിയതായി അധികാരികൾ അവരെ അറിയിച്ചു. ജാർഖണ്ഡിൽ നിന്ന് കാണാതായ 20 വയസുള്ള ആളാണ് ഇതെന്ന് സ്ഥിരീകരിച്ചു. അങ്ങനെ അയാളെ കുടുംബവുമായി ഒന്നിപ്പിക്കുകയും ചെയ്തു. അവന്റെ അച്ഛനെ കണ്ടതോടെ പപ്പാ എന്നു വിളിച്ച് ചെറുപ്പക്കാരൻ കെട്ടിപ്പിടിക്കുന്ന വീഡിയോ കിരൺ പങ്കുവച്ചതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം കിരണിനെ അഭിനന്ദനപ്രവാഹങ്ങൾക്കൊണ്ട് പൊതിഞ്ഞു.
