പരവൂർ: സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി റോബോട്ടിന്റെ സേവനം പരീക്ഷിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് തന്നെ ആദ്യമായി വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിലാണ് എഎസ്സി അർജുൻ എന്ന പേരുള്ള ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് റെയിൽവേ പരീക്ഷണത്തിന് തുടക്കമിട്ടിട്ടുള്ളത്.
യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ സ്റ്റേഷൻ പ്രവർത്തനങ്ങളെ സഹായിക്കാൻ ആർപിഎഫ് ഉദ്യോഗസ്ഥരോടൊപ്പം ഈ റോബോട്ട് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിശാഖപട്ടണത്ത് തന്നെയാണ് ഈ റോബോട്ടിനെ പൂർണമായും രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തത്. ഒരു വർഷത്തിലേറേ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇത് പ്രവർത്തന സജ്ജമായതെന്നും അധികൃതർ പറഞ്ഞു.
മുഖം തിരിച്ചറിയൽ സംവിധാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ജനക്കൂട്ട നിരീക്ഷണം , ആർപിഎഫ് കൺട്രോൾ റൂമുകളിലേക്ക് തത്സമയ അലർട്ടുകൾ അയക്കുക എന്നിവ ചെയ്യാൻ ഈ റോബോട്ടിന് കഴിയും. ഇതുവഴി സ്റ്റേഷനുകളിലെ അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ ആർപിഎഫിന് സാധിക്കും.
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഓട്ടോമേറ്റഡ് പൊതു അറിയിപ്പുകൾ ഇപ്പോൾ സ്റ്റേഷനിൽ നടത്തുന്നതും റോബോട്ട് ആണ്. വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് യാത്രക്കാരെ നയിക്കാനും സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച് അവർക്ക് അവബോധം നൽകാനും റോബോട്ടിന് കഴിയുമെന്നും അധികൃതർ പറഞ്ഞു. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ 24 മണിക്കൂറും പട്രോളിംഗ് നടത്താനുള്ള കഴിവും റോബോട്ടിനുണ്ട്.
അടിയന്തിര സാഹചര്യങ്ങളിൽ സമയബന്ധിതമായ പ്രതികരണവും നടത്തും. മാത്രമല്ല തീ, പുക തുടങ്ങിയ കണ്ടെത്തിയാൽ അവ ഉടൻ അറിയിക്കാനുള്ള സംവിധാനങ്ങളും റോബോട്ടിൽ ഉണ്ട്.സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരേ നമസ്തേ എന്ന് പറഞ്ഞാണ് സ്വീകരിക്കുക. മാത്രമല്ല ഈ യന്ത്രമനുഷ്യൻ ആർപിഎഫ് ഉദ്യോഗസ്ഥരെ കണ്ടാൽ സല്യൂട്ടും ചെയ്യും.
സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രക്കാർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും കൈമാറാൻ കഴിവുള്ള ഇത്തരം റോബോട്ടുകളുടെ സേവനം രാജ്യത്തെ പ്രമുഖ സ്റ്റേഷനുകളിലെല്ലാം ഏർപ്പെടുത്താനുള്ള തയാറെടുപ്പിലാണ് റെയിൽവേ മന്ത്രാലയം.
- എസ്.ആർ. സുധീർ കുമാർ
