എന്റെ ആരാധകനായ ചെറുപ്പക്കാരന്‍ വേണ്ടിവന്നു, എനിക്കൊരു രണ്ടാംജന്മം തരാന്‍! ഒരാപത്തുണ്ടായപ്പോള്‍ എന്നെ മറക്കാത്ത ജനങ്ങളോടാണ് നന്ദി; രണ്ടാജന്മം സാധ്യമാക്കിയ വ്യക്തികളെക്കുറിച്ച് വാചാലനായി ദിലീപ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം ചോദ്യം ചെയ്യലും, അറസ്റ്റും, ജയില്‍ ജീവിതവും, ജാമ്യവുമെല്ലാമായി അത്ര നല്ല സമയമല്ലായിരുന്നു നടന്‍ ദിലീപിന്. രാമലീല എന്ന സിനിമയും ഇപ്പോള്‍ റിലീസിനായി ഒരുങ്ങുന്ന കമ്മാരസംഭവം എന്ന ചിത്രം തന്റെ രണ്ടാം ജന്മമായിരിക്കുമെന്നാണ് ദിലീപ് പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. കമ്മാരസംഭവം പിറവിയെടുക്കാന്‍ ഒരുങ്ങുന്ന അവസരത്തില്‍ തന്നെയായിരുന്നു രാമലീലയുടെ വിജയാഘോഷവും. വിജയാഘോഷ വേളയില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ…

2010 മുതല്‍ ഞാനും ടോമിച്ചായനും സുഹൃത്തുക്കളാണ്. അതിനിടയിലാണ് അരുണ്‍ വന്ന് ഇങ്ങനെയൊരു സിനിമ ചെയ്യണം എന്ന് പറയുന്നത്. അരുണ്‍ എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട് എന്നല്ലാതെ കൂടുതല്‍ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. അങ്ങനെ അരുണ്‍, സച്ചി ഭായിയെ പോയി കാണുകയും സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു.

പിന്നീട് സച്ചിയെ കണ്ടപ്പോള്‍ ഈ കഥ എന്നോട് പറഞ്ഞു. കഥ കേട്ട ശേഷം ഞാന്‍ എഴുന്നേറ്റ് നിന്ന് കൈകൊടുത്ത് പറഞ്ഞു, ‘ഇതൊരു ഗംഭീരസിനിമയായിരിക്കും’. ഏതോ ഒരു ദൂതന്‍ വന്ന് ഓരോകാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് എഴുതിയതുപോലൊരു സ്‌ക്രിപ്റ്റ്. അറിയാതെ തന്നെ എവിടെയൊക്കെയോ ചില അംശങ്ങള്‍ ജീവിതത്തിലും സംഭവിച്ചു.

ഈ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിക്കുന്നു. സത്യത്തില്‍ എനിക്ക് വലിയ പേടിയുണ്ടായിരുന്നു. ടോമിച്ചായന്‍ ചോദിച്ചു ‘എത്ര ശമ്പളമാണ് തരേണ്ടത്.’ ഇപ്പോള്‍ നിങ്ങള്‍ അതൊന്നും ആലോചിക്കേണ്ട ഇപ്പോള്‍ സിനിമ പുറത്തിറക്കൂ എന്ന് ഞാന്‍ പറഞ്ഞു. അതില്‍ ഏറ്റവും വലിയ സന്തോഷം ഈ സിനിമയുടെ പകുതിലാഭം എനിക്ക് തരാമെന്ന് പറഞ്ഞതാണ്. ടോമിച്ചായന്‍ അനുഭവിച്ച യാതനയും വേദനയും എനിക്ക് അറിയാം. ടോമിച്ചായന്‍ ബംഗാളീസിനെയും നേപ്പാളീസിനെയും കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നും ആരോ പറഞ്ഞുകേട്ടു.

ഒരാപത്ത് ഉണ്ടായപ്പോള്‍ എനിക്കൊപ്പം നിന്ന ജനലക്ഷങ്ങളോടാണ് എനിക്ക് നന്ദി പറയുവാനുള്ളത്. എന്റെ ജീവിതത്തില്‍ എനിക്ക് കടപ്പാടുള്ളത് ദൈവത്തോടും പ്രേക്ഷകരോടുമാണ്. ഈ സിനിമയുടെ ഹൃദയമിടിപ്പായ ഗോപിസുന്ദറിന് നന്ദി.

ഒരുപാട് സിനിമകള്‍ മാറ്റിവച്ചാണ് കലാഭവന്‍ ഷാജോണ്‍ ഈസിനിമയില്‍ അഭിനയിച്ചത്. എന്റെ ഏറ്റവും അടുത്തസുഹൃത്ത് ആണ് ഷാജോണ്‍. ഷാജോണ്‍ ആണ് അരുണ്‍ഗോപിയെക്കുറിച്ച് കൂടുതല്‍ എന്നോട് പറയുന്നത്. എന്റെ കടുത്ത ആരാധകനാണ് അരുണെന്നും ചെറുപ്പംമുതല്‍ എന്റെ സിനിമകള്‍ കണ്ട് ഇഷ്ടംമൂത്താണ് സിനിമ ചെയ്യാന്‍ ആഗ്രഹിച്ചതെന്നും പറഞ്ഞു.

ഒരുദിവസം അരുണിന്റെ അമ്മ പറഞ്ഞു, എന്നെ കാണാന്‍ ഇവന്‍ പാടവരമ്പത്തുകൂടി ഓടിയിട്ടുണ്ടെന്ന്. ഇതില്‍ ഏറ്റവും വലിയ കാര്യം എന്തെന്നാല്‍ എന്റെ ആരാധകനായ ഒരു കഴിവുള്ള ചെറുപ്പക്കാരന്‍ വേണ്ടിവന്നു എനിക്കൊരു രണ്ടാംജന്മം തരാന്‍. ദിലീപ് പറഞ്ഞുനിര്‍ത്തി.

 

Related posts