സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട! കാനഡയിലെ സ്‌ലിംസ് നദി നാലുദിവസംകൊണ്ട് അപ്രത്യക്ഷമായി, കാരണങ്ങള്‍ ഞെട്ടിക്കുന്നത്; ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഭയപ്പെടുത്തുന്നത്

1
നദി ജലസമൃദമായ കാലത്തെ ദൃശ്യം

2016 മെയ് 26നും 29നുമിടയ്ക്കാണ് കാനഡയിലെ സ്‌ലിംസ് നദി പൂര്‍ണമായും അപ്രത്യക്ഷമായത്. ഒരുവര്‍ഷം മുമ്പ് നാലേ നാലു ദിവസം കൊണ്ട് ഒരു നദി മാഞ്ഞുപോവുകയായിരുന്നു. റിവര്‍ പൈറസി അഥവാ പ്രകൃതി തന്നെ നദിയെ കൊള്ളയടിച്ച് ഇല്ലാതാക്കുന്നതാണ് സംഭവം. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ഇക്കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. കാനഡയിലെ യുകോണ്‍ എന്ന സ്ഥലത്തിലൂടെയാണ് സ്ലിംസ് നദി ഒഴുകുന്നത്. ഇതിലേക്കാവശ്യമായ ജലം എത്തുന്നതാകട്ടെ സമുദ്രനിരപ്പില്‍ നിന്ന് 60009000 അടി മുകളിലായുള്ള കേസ്കാവുഷ് എന്ന മഞ്ഞുമലയില്‍ നിന്നും.

2
ചൂടു കൂടിയതുമൂലം മരുഭൂമിയായ നദിയുടെ ഇന്നത്തെ അവസ്ഥ

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ മഞ്ഞുമല അത്ഭുതകരമാം വിധം അപ്രത്യക്ഷമാവുകയായിരുന്നു. സാധാരണ ഗതിയില്‍ ഉരുകുന്നതിനനുസരിച്ച് മഞ്ഞുമലകളില്‍ പുതുതായി മഞ്ഞുകണങ്ങള്‍ കൂടിച്ചേരാറുണ്ട്. ഇതിന്റെ രണ്ടിന്റെയും തോത് ഒരേപോലെയായിരിക്കും. പക്ഷേ മഞ്ഞുരുകല്‍ കൂടുകയും പുതിയ മഞ്ഞ് എത്തിച്ചേരാതാകുകയും ചെയ്യുന്ന അവസ്ഥയാണ് “ഗ്ലേഷ്യര്‍ റിട്രീറ്റ്’ എന്നറിയപ്പെടുന്നത്. ഇതാണ് കേസ്കാവുഷിനും സംഭവിച്ചത്. അതോടെ ഈ മഞ്ഞുമല തെക്കുഭാഗത്തേക്കായി ചെരിഞ്ഞു. അതുവരെ വടക്കുഭാഗത്ത് സ്ലിംസ് നദിയിലേക്ക് ഒഴുക്കിയിരുന്ന വെള്ളം ദിശമാറി തെക്കോട്ടൊഴുകാന്‍ തുടങ്ങി. അത് മഞ്ഞുമലയില്‍ തെക്കോട്ടേക്കായി വിള്ളലുകളും സൃഷ്ടിച്ചു. കുത്തനെയുള്ള ഇറക്കമായിരുന്നു ഇതിന്റെ പ്രത്യേകത.

അതുവഴി മുഴുവന്‍ വെള്ളവുമൊഴുകിയെത്തിയത് അല്‍സെക് നദിയിലേക്കും അവിടെ നിന്ന് ഗള്‍ഫ് ഓഫ് അലാസ്കയിലേക്കും. നൂറുകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് സംഭവിക്കുന്ന പ്രതിഭാസമാണിത്. ആ നിഗമനങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം മഞ്ഞുമല അപ്രത്യക്ഷമായത്. ചൂട് ക്രമാതീതമായി വര്‍ധിക്കുന്നത് എങ്ങനെയാണ്, പരിസ്ഥിതിയില്‍ അസാധാരണമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് സ്ലിംസ് നദിയുടെ അപ്രത്യക്ഷമാകലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ് ഇതിനുകാരണമായി കരുതപ്പെടുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യല്‍ ഈ സ്ഥിതിയിലാണ് തുടരുന്നതെങ്കില്‍ ഇന്ത്യയുടെ അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്തമാവില്ലെന്നാണ് കരുതപ്പെടുന്നത്.

Related posts