വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിന് തുണയായി യുവ വനിതാ ഡോക്ടര്‍ ! ഒരു കുടുംബത്തിനൊന്നാകെ ഡോ.രുഗ്മിണി രക്ഷകയായതിങ്ങനെ…

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിന് രക്ഷയായത് യുവ വനിതാ ഡോക്ടറുടെ സമയോചിതമായ ഇടപെടല്‍.

ഞായറാഴ്ച രാത്രി എട്ടോടെ ദേശീയപാതയിലെ മായിത്തറയില്‍ കാവുങ്കല്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ഇന്നോവയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്കാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രുഗ്മിണി തുണയായത്.

കാറിലുണ്ടായിരുന്ന കാവുങ്കല്‍ പണിക്കാവീട്ടില്‍ രതീഷ് (33), ഭാര്യ സേതുലക്ഷ്മി (31), മകള്‍ ആരാധ്യ (2), രതീഷിന്റെ മാതാവ് സതിയമ്മ (55), ബന്ധു അശ്വനി (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ചേര്‍ത്തലയിലേക്ക് വരികയായിരുന്ന ഡോ. രുഗ്മിണി അപകടം കണ്ട് വാഹനം നിര്‍ത്തി തലയ്ക്ക് ഗുരുതരപരുക്കേറ്റ് രക്തം വാര്‍ന്നുകിടന്ന സേതുലക്ഷ്മിയെയും മകളെയും നാട്ടുകാരുടെ സഹായത്തോടെ സ്വന്തം കാറില്‍ കയറ്റി ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു.

യാത്രാമധ്യേ അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ വിവരമറിയിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മറ്റൊരു വാഹനത്തില്‍ രതീഷിനെയും മാതാവ് സതിയമ്മയേയും ബന്ധു അശ്വനിയേയും എത്തിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വീണ, ഡോ. ഷെറിന്‍ എന്നിവരും അവധിയിലായിരുന്ന ഡോ. ജിഷയും എത്തി പരുക്കേറ്റവര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ നല്‍കി വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഗുരുതര പരുക്കേറ്റ തങ്ങളെ ആരാണ് രക്ഷിച്ചതെന്ന് രതീഷും കുടുംബവും ഇതുവരെ അറിഞ്ഞിട്ടില്ല. അപകടത്തിന്റെ ആഘാതത്തില്‍ പേടിച്ച് വിറങ്ങലിച്ച രണ്ടുവയസുകാരി ആരാധ്യയടക്കം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുകയാണ്.

അമ്പലപ്പുഴ കരൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍- ഗിരിജ ദമ്പതികളുടെ മകളാണ് ഡോ. രുഗ്മിണി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി രണ്ട് മാസം മുന്‍പാണ് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. ഈ യുവ ഡോക്ടറുടെ പ്രവൃത്തിയെ മുക്തകണ്ഠം പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.

Related posts

Leave a Comment