ഡ്രൈവര്‍ അര്‍ജുന്‍ അസമിലേക്ക് കടന്നെന്ന് സംശയം ! അപകട ദിവസം വണ്ടി പായിച്ചത് റേസിംഗ് മൂഡില്‍; 237 കി.മി പിന്നിടാന്‍ എടുത്തത് 2.37 മണിക്കൂര്‍ മാത്രം…

ബാലഭാസ്‌കറിന്റെ മരണത്തിനു കാരണമായ അപകടം നടക്കുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഇപ്പോള്‍ നാട്ടിലില്ലെന്ന് ക്രൈംബ്രാഞ്ച്. തൃശൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് അതിനാല്‍ ഇയാളുടെ മൊഴിയെടുക്കാനായില്ല. ഇയാള്‍ അസമിലേക്കാണ് പോയിരിക്കുന്ന് സൂചനയുണ്ട്. അപകടത്തില്‍ പരുക്കേറ്റയാള്‍ ദൂരയാത്രയ്ക്കു പോയതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. തുടക്കത്തില്‍ വാഹനം ഓടിച്ചത് അര്‍ജുനെന്ന് സ്ഥിരീകരിക്കാവുന്ന മൊഴി ലഭിച്ചു.

അപകടദിവസം ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് അമിതവേഗത്തിലാണെന്നും കണ്ടെത്തല്‍. ചാലക്കുടിയില്‍ 1.08ന് കാര്‍ സ്പീഡ് ക്യാമറയില്‍ കുടുങ്ങി. 3.45ന് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വെറും 2.37 മണിക്കൂര്‍ മാത്രമാണെടുത്തത്. ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പിലാണ് വിവരങ്ങള്‍ ലഭിച്ചത്. സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്ത് പ്രകാശന്‍ തമ്പി പിടിയിലായതോടെയാണ് അപകടം സംബന്ധിച്ച അന്വേഷണം വീണ്ടും സജീവമായത്.

ബാലുവിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് അച്ഛന്‍ കെ.സി.ഉണ്ണി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. അര്‍ജുനാണ് വാഹനം ഓടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ താനല്ല ബാലഭാസ്‌കറാണ് കാറോടിച്ചിരുന്നതെന്ന് അര്‍ജുനും മൊഴി നല്‍കിയിരുന്നു.

Related posts