തിരുവനന്തപുരം: അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് സിപിഎം നേതാവ് പി. സരിൻ. സാധാരണ ഈ ഹോട്ടലിലേക്ക് വരുമ്പോ ഒരു നീലപ്പെട്ടി കൈയിൽ കരുതാറുണ്ടല്ലോ സാരമില്ല, തൊണ്ടിമുതലിന്റെ കൂട്ടത്തിൽ പോലീസ് അത് സാവധാനം എടുപ്പിച്ചോളും എന്നാണ് സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ നീലപ്പെട്ടി വിവാദം കൂടി പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടാണ് സരിന്റെ പരിഹാസം.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്താണ് നീലപ്പെട്ടി വിവാദമുണ്ടായത്. കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് അർദ്ധരാത്രി റെയ്ഡ് നടത്തുകയായിരുന്നു. ഇത് വലിയ ചർച്ചാ വിഷയമായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. തുടർന്ന് നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനം നടത്തി.
തുടർന്ന് നടന്ന അന്വേഷണത്തിൽ ട്രോളിയിൽ നിന്ന് പണം കടത്തിയതിന് തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ പണം കടത്തിയതിന് തെളിവില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് ജില്ലാ പോലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞത്.
