കൊച്ചി: ചേരാനെല്ലൂരിൽ അമിതവേഗത്തിൽ കാർ ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ 17കാരൻ അർധരാത്രി വാഹനവുമായി ഇറങ്ങിയത് റീൽസ് ചിത്രീകരിക്കാനെന്ന് പോലീസ്. അപകടം സംഭവിക്കുന്നതിന് മുമ്പ് ഇയാൾ 104 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലിസിനു ലഭിച്ചു.
ഇയാൾ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്നും പൊലിസ് പറയുന്നു. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
പ്രതിക്ക് എളുപ്പത്തിൽ സ്റ്റേഷൻ ജാമ്യം നൽകിയതിനെതിരെ മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബം ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്‍റെ സ്കൂട്ടറിന്‍റെ പിന്നിൽ അമിതവേഗതയിലെത്തിയ ബെൻസ് കാർ വന്ന് ശക്തമായി ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ ഉടമസ്ഥനായ അഡീഷണൽ ജഡ്ജിക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന നിയമപ്രകാരം തുടർനടപടികൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
