തോമസുകുട്ടീ വിട്ടോടാ ! സോഡ കുടിക്കാന്‍ പോലീസ് വഴിവക്കില്‍ നിര്‍ത്തിയിട്ട ജീപ്പ് കണ്ട് ലഹരി ഇടപാടുകാരായ യുവാക്കള്‍ കണ്ടംവഴി പാഞ്ഞു;നേരെ പോയി വീണത് കിണറ്റില്‍; പിന്നീട് സംഭവിച്ചത്…

നാടൊട്ടുക്ക് ലഹരിമാഫിയ പിടിമുറുക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനു സമീപത്ത് മാന്തടത്ത് സോഡ കഴിക്കാന്‍ നിര്‍ത്തിയിട്ട പോലീസ് വാഹനം കണ്ട് കണ്ടു ഓടി കിണറ്റില്‍ വീണ സംഘം പ്രദേശത്ത് ലഹരി വില്‍പന സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മാന്തടം സെന്ററില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സിനിമാ കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

രാത്രി പത്തു മണിയോടെയാണ് പട്രോളിംഗിനിറങ്ങിയ ചങ്ങരംകുളം പോലീസ് മാന്തടം സെന്ററില്‍ സോഡ കഴിക്കാന്‍ വാഹനം നിര്‍ത്തിയത്. ഇതിനിടെ റോഡരികില്‍ നിന്നിരുന്ന പന്താവൂര്‍, വട്ടംകുളം, കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ പോലീസിനെ കണ്ടതോടെ റോഡിനോട് ചേര്‍ന്നു കിടക്കുന്ന പറമ്പിലൂടെ ഓടുകയായിരുന്നു. പറമ്പില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ ഒന്നിനു പിറകെ ഒന്നായി വട്ടംകുളം പന്താവൂര്‍ സ്വദേശികളായ യുവാക്കള്‍ വീഴുകയായിരുന്നു.

യുവാക്കള്‍ ഓടിയതും രണ്ടു പേര്‍ കിണറ്റില്‍ വീണതും അറിയാതെ സോഡയും കഴിച്ച് പോലീസ് വാഹനം തിരിച്ച് പോവുകയും ചെയ്തു. ഇതിനിടെ കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദവും നിലവിളികളും കേട്ട നാട്ടുകാര്‍ ഓടിക്കൂടി പരിശോധനയില്‍ .രണ്ടു യുവാക്കള്‍ കിണറ്റില്‍ വീണു അലമുറയിടുന്നത് കണ്ടു നാട്ടുകാരും ഞെട്ടി. ഓടിക്കൂടിയ സമീപവാസികള്‍ ചേര്‍ന്ന് കയര്‍ സംഘടിപ്പിച്ച് കിണറ്റിലിട്ടു കൊടുത്ത് രണ്ടു പേരെയും കരയക്കു കയറ്റി.

26 അടിയോളം വരുന്ന വെള്ളം വറ്റി തുടങ്ങിയ കിണറ്റില്‍ രണ്ടു പേര്‍ വീണിട്ടും ഒരു പോറല്‍ പോലും ഏറ്റില്ല. ഇതിനിടെ സംഭവമറിഞ്ഞ് ചങ്ങരംകുളം പോലീസ് വീണ്ടും സ്ഥലത്തെത്തി. കിണറ്റില്‍ നിന്നു കയറ്റിയ ഉടനെ കിണറ്റില്‍ വീണ വട്ടംകുളം സ്വദേശിയായ യുവാവ് വീണ്ടും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു പന്താവൂര്‍ സ്വദേശിയായ യുവാവിനെയും കൂടെയുണ്ടായിരുന്ന മാന്തടത്ത് ജോലിക്ക് വന്ന് താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ മറ്റൊരു യുവാവിനെയും നാട്ടുകാര്‍ പോലീസിനു കൈമാറി.

പ്രദേശത്ത് ലഹരി വില്‍പന വ്യാപകമായി നടക്കുന്നതായും സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് പോലീസിനെ കണ്ടു ഓടിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ സൂചനകള്‍ ഒന്നും പോലീസിന് ലഭിച്ചില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

Related posts

Leave a Comment