പഠനം കഴിഞ്ഞാൽ ജോലി ആയില്ലേ, കല്യാണം കഴിഞ്ഞാൽ കുട്ടികൾ ആയില്ലേ ഇങ്ങനെ പോകുന്നു നാട്ടിൻ പുറത്തെ ചോദ്യങ്ങൾ. എത്രയൊക്കെ കാലം പുരോഗമിച്ചാലും ഇത്തരം ചോദ്യങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകില്ല. കുട്ടികൾ ഇല്ലേ എന്ന് ചോദിച്ചാൽ ഇപ്പോൾ ഞങ്ങൾക്ക് താൽപര്യമില്ലെന്ന് പറയുന്ന യുവ തലമുറയാണ് വളർന്നു വരുന്നത്. ന്യൂജെനറേഷൻ കുട്ടികളുടെ കുട്ടിക്കളി മാറിയിട്ട് വേണ്ടേ അവർക്ക് കുട്ടികൾ.
ഡിങ്ക് എന്നാണ് അവർ ഇതിനെ വിളിക്കുന്നത്. Dual Income, No Kids’ എന്നാണ് DINK കൊണ്ട് അർഥമാക്കുന്നത്. ഡിങ്കിനെ സംബന്ധിച്ചുള്ള പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെഡ്ഡിറ്റിൽ ആണ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്.
പോസ്റ്റിന്റെ പൂർണ രൂപം…
ഞങ്ങൾ ഒരു ‘ഡിങ്ക്’ ദമ്പതികളാണ്. ഞങ്ങൾക്ക് രണ്ടാൾക്കും ജോലിയുണ്ട്. പക്ഷേ നിലവിൽ ഞങ്ങൾക്ക് കുട്ടികളില്ല. കുട്ടികൾ എന്ന തീരുമാനത്തിന് എതിരായതുകൊണ്ടൊന്നുമല്ല, മറിച്ച് തികച്ചും ബോധപൂർവമായ ഒരു തീരുമാനത്തിന്റെ ഭാഗമായാണ് ഈ ജീവിതം തെരഞ്ഞെടുത്തത്. വിവാഹം കഴിഞ്ഞാൽ ജീവിതം കൃത്യമായ തിരക്കഥയിലൂടെ മാത്രം മുന്നോട്ട് പോകണമെന്ന് നിർബന്ധമുള്ള നമ്മുടെ ഈ ഇന്ത്യൻ സാഹചര്യത്തിൽ, ഇത്തരത്തിലുള്ള ഒരു മാറ്റം നൽകുന്ന പോസിറ്റീവായ വശങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തികമായ വലിയൊരാശ്വാസം തന്നെ ഈ ജീവിതത്തിൽ എനിക്ക് അനുഭവപ്പെടുന്നുണ്ട്. കുറ്റബോധമില്ലാതെ സാമ്പത്തികമായിട്ടുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യാനും, കരിയറിലോ ആരോഗ്യകാര്യങ്ങളിലോ, താമസസ്ഥലത്തിന്റെ കാര്യത്തിലോ ഒക്കെ വലിയ റിസ്കുകൾ എടുക്കാനും ഞങ്ങൾക്ക് സാധിക്കുന്നു. മറ്റൊന്ന്, പരസ്പരമുള്ള ബന്ധത്തിനും വ്യക്തിപരമായ ആവശ്യങ്ങൾക്കും ആവശ്യത്തിന് സമയവും ഊർജ്ജവും മാറ്റി വെക്കാൻ കഴിയുന്നു എന്നതാണ്. ഞങ്ങളുടെ തീരുമാനങ്ങൾ പലപ്പോഴും സമൂഹത്തിന്റെ ഡെഡ്ലൈനുകൾക്കനുസരിച്ചല്ല, മറിച്ച് സ്വന്തം താല്പര്യങ്ങൾക്കനുസരിച്ചാണ് മു്നനോട്ട് നീങ്ങുന്നത്. എല്ലാം കൃത്യമായി ചെയ്യണം എന്ന അമിതമായ ഉത്കണ്ഠയൊന്നുമില്ലാതെ സമാധാനമായിട്ട് ജീവിക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.
ഞങ്ങളുടെ ഈ തീരുമാനം കേൾക്കുമ്പോൾ മറ്റുള്ളവർ പലപ്പോഴും ടെൻഷൻ ആകാറുണ്ട്. ഈ തീരുമാനമൊക്കെ പിന്നീട് മാറും, നിങ്ങളെ പ്രായമാകുമ്പോൾ ആര് നോക്കും?’, ’കുട്ടികളില്ലെങ്കിൽ ജീവിതത്തിന് പൂർണതയുണ്ടാകുമോ?’ ഒരു അർഥമുണ്ടാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പലപ്പോഴും ചോദിക്കാറുള്ളത്.
ഒരുപക്ഷേ ഭാവിയിൽ അങ്ങനെയൊക്കെ സംഭവിച്ചേക്കാം, അല്ലെങ്കിൽ സംഭവിക്കാതെയുമിരിക്കാം. പക്ഷേ, ഇപ്പോൾ ഞങ്ങൾ ജീവിക്കുന്നത് മറ്റാരോ തീരുമാനിച്ച വഴിയിലൂടെയല്ല, മറിച്ച് ഞങ്ങൾ തന്നെ ബോധപൂർവം തെരഞ്ഞെടുത്ത രീതിയിലാണ്.
ഇന്ത്യയിലെ മറ്റ് ‘ഡിങ്ക്’ ദമ്പതികളുടെ അനുഭവങ്ങൾ അറിയാൻ എനിക്ക് താല്പര്യമുണ്ട്. നിങ്ങളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി നേരിട്ട നല്ല കാര്യങ്ങളും വെല്ലുവിളികളും എന്തൊക്കെയാണ്? അതുപോലെ, ഈ രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുകയും എന്നാൽ പിന്നീട് ആ തീരുമാനം മാറ്റുകയും ചെയ്തവരുണ്ടോ?
ഡിങ്കുകളെ സ്വാർഥരായി കാണാത്ത മാതാപിതാക്കളുടെ കാഴ്ചപ്പാടും അറിയാൻ ആഗ്രഹമുണ്ട്. ആരെയും ബോധ്യപ്പെടുത്താനല്ല, മറിച്ച് അധികം ചർച്ച ചെയ്യപ്പെടാത്ത ഈ ജീവിതരീതിയെക്കുറിച്ച് ഒരല്പം സത്യസന്ധമായി സംസാരിക്കണം എന്ന് കരുതി മാത്രമാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്.
പോസ്റ്റ് വൈറലായതോടെ ഇവർക്ക് അനുകൂലമായും പ്രതികൂലമായും നിരവധി ആളുകൾ കമന്റ് ചെയ്തു. കുട്ടികൾ വേണോ വേണ്ടയോ എന്നൊക്കെ ഓരോരുത്തരുടേയും തീരുമാനമാണ്. നിലവിലെ നിങ്ങളുടെ തീരുമാനത്തെ മാനിക്കുന്നു എന്നാണ് മിക്കവരും കുറിച്ചത്. എന്നാൽ പ്രായമാകുന്പോൾ നിങ്ങളെ നോക്കാൻ കുട്ടികളില്ലെങ്കിൽ പിന്നെ ആര് വരും എന്ന് ആശങ്ക അറിയിച്ചവരും ചെറുതല്ല.
