കണ്ണൂർ: എം.ടി. എഴുതിയത് വായിച്ചോ, കെ.ടി. എഴുതിയത് വായിച്ചോ എന്നൊക്കെ ചോദിക്കുന്നതുപോലെ ഇനി ഇഡി എഴുതിയത് വായിച്ചോ എന്ന് ചോദിക്കേണ്ടി വരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇങ്ങനെയൊരു എഴുത്തുകാരനും ഭാവനാപൂർണമായി പലതും എഴുതി തയാറാക്കാൻ ശേഷിയുള്ള പുതിയ ചില വിഭാഗങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട് അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധഃപതിച്ചുവെന്നും എം.എ.ബേബി ആരോപിച്ചു. ബ്ലാക്ക് മെയിൽ ചെയ്യുന്ന ഒരു നീക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽനിന്ന് ഉണ്ടായിട്ടുണ്ട്. കള്ളത്തെളിവുണ്ടാക്കാൻ ഭീഷണിപ്പെടുത്തുകയെന്ന് പറഞ്ഞാൽ ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ച് കുറ്റകൃത്യമാണ്. ആ നിലയിലേക്ക് ഇഡി അധഃപതിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ ഒരു എക്സ്റ്റൻഡഡ് ഡിപ്പാർട്ട്മെന്റായാണ് പ്രവർത്തിക്കുന്നത്. ഇഡി എന്തെല്ലാം തരത്തിലുള്ള കേസുകളാണ് രാഷ്ട്രീയരംഗത്തുള്ളവർക്കെതിരെ എടുത്തിരിക്കുന്നത്. ആർക്കെതിരായിട്ടാണോ കേസെടുക്കുന്നത് അവർ ബിജെപിയിൽ ചേരുന്നതോടെ ആ കേസ് തീരും. ഇവിടെ അവർക്കൊരു അബദ്ധം പറ്റി. അങ്ങനെ പേടിച്ച് ബിജെപിയിൽ ചേരുന്ന നേതാക്കന്മാരുടെ പാർട്ടിയല്ല സിപിഎം എന്നത് ഇഡിക്ക് കേരളത്തിൽനിന്ന് മനസിലാകാൻ പോകുകയാണ്.
കേരളത്തിലെ വി.ഡി. സതീശൻ സർക്കാർ ഇതിലെന്തോ വലിയ കാര്യമുണ്ട് എന്ന മട്ടിലാണ് ഇപ്പോൾ സംസാരിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരേ ഇഡിയും മറ്റ് പല കേന്ദ്ര ഏജൻസികളും അന്വേഷണവുമായി മുന്നോട്ടുപോകുന്പോൾ കോൺഗ്രസ് നേതാക്കൾ ക്ഷോഭിക്കുകയാണ്. ഇന്നലെ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ മന്ത്രിമാർക്കെതിരായി നീങ്ങിയിട്ടുണ്ട്.
തങ്ങൾക്കെതിരേ ഇഡിയും കേന്ദ്ര ഏജൻസികളും നീങ്ങുന്പോൾ അതിനെ വിമർശിക്കുകയും രാഷ്ട്രീയലക്ഷ്യത്തോടെ സിപിഎം നേതൃത്വത്തെ ഇഡിയും മറ്റും ആക്രമിക്കുന്പോൾ ആഹ്ലാദിക്കുകയും പിന്തുണ കൊടുക്കുകയും ചെയ്യുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഇത്തരത്തിലുള്ള അത്യന്തം അനുചിതവും സംസ്കാരരഹിതവുമായ ഇരട്ടത്താപ്പിനെ എങ്ങനെയാണ് എഐസിസി നേതൃത്വം കാണുന്നത് എന്നറിയാൻ കൗതുകവും താത്പര്യവുമുണ്ട്. യുഡിഎഫിന്റെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയൊക്കെ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് ബേബി ആവശ്യപ്പെട്ടു.
