കൊല്ലം: പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ. യൂട്യൂബറും തിരുവനന്തപുരം വിഴിഞ്ഞം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ മിഗ്ദാദ് (38) ആണ് പോക്സോ കേസിൽ പൊലിസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് പരാതിക്ക് ആസ്പദമായ സംഭവം. കടുത്ത പനിയെത്തുടർന്നാണ് പതിനാറുകാരിയുടെ മൂത്ത സഹോദരിയെ തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ കിടത്തണമെന്നു ഡോക്ടർ നിർദേശിച്ചു. കൂട്ടിരിപ്പിനായി പതിനാറുകാരിയാണ് ഉണ്ടായിരുന്നത്.
പുലർച്ചെ ലിഫ്റ്റിൽ കയറിയപ്പോഴാണ് പ്രതി ഒപ്പം കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.തുടർന്ന് സഹോദരിയോടും മൂത്ത സഹോദരനോടും കുട്ടി ഇക്കാര്യം പറഞ്ഞു. ഇവർ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിനോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാൻ തയാറായില്ലെന്നു പരാതിയുണ്ട്. തുടർന്ന് കുടുംബം ഈസ്റ്റ് പൊലിസിൽ പരാതി നൽകി. പൊലിസ് രാത്രിയോടെ മിഗ്ദാദിനെ അറസ്റ്റ് ചെയ്തു.
