വിദ്യാഭ്യാസം സമൂഹ നിർമിതിക്കുള്ള ഉപകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

pinarailപട്ടാമ്പി: വിദ്യാഭ്യാസമെന്നത് സമൂഹ നിർമിതിക്കുള്ള ഉപകരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടാമ്പി ഗവ. കോളജിൽ 1.60 കോടി ചെലവിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലാലയങ്ങൾ പഠനത്തോടൊപ്പം സംവാദത്തിനും അഭിപ്രായ സംഘട്ടനത്തിനു മുള്ള വേദിയാകണം. കലാ സാംസ്കാരിക രാഷ്ര്‌ടീയ രംഗങ്ങളിലെ അതികായകരെല്ലാം പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലൂടെ വളർന്നുവന്നവരാണ്.

പ്രതികരണ ശേഷിയുള്ള തലമുറയെ സൃഷ്‌ടിക്കാൻ അധ്യാപകൻ വഹിക്കേണ്ട പങ്ക് വലുതാണ്. സമൂഹത്തിലും പ്രകൃതിയിലും കാലത്തിലും വന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പഠനം നടത്തിയാലെ യുവതലമുറക്ക് മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാകു. സമൂഹത്തിന്റെ പൊതു ആവശ്യങ്ങൾ മൊത്തമായി കാണുന്ന വിദ്യാഭ്യാസ നയമാണ് സർക്കാരിന്റേത്.

ചില സ്വാശ്രയ കോളജുകളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം അനുവദിക്കുന്നില്ല. പ്രതികരണ ശേഷിയില്ലാത്ത സമൂഹത്തെ സൃഷ്‌ടിക്കാൻ അരാഷ്ര്‌ടീയ വാദം കാരണമാകും. അത്തരം കോളജുകളിൽ വർഗീയതയും വിദ്യാർഥികളിൽ മയക്കു മരുന്ന് വ്യാപനവും വർധിച്ചു വരുന്നുണ്ട്. രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും ഇതിനെതിരെ ജാഗ്രത പാലിക്കണം.

പുതു തലമുറയുടെ സ്വതന്ത്ര ചിന്തയെയും സർഗാത്മകതയെയും ഞെരിച്ചമർത്തുന്ന വർഗീയ ശക്‌തികളെ എന്ത് വിലകൊടുത്തും നേരിടും. പൊതുവിദ്യാഭ്യാസ യജ്‌ഞം കോളജുകളിലേക്കും വ്യാപിപ്പിക്കും. ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താൻ കാലാനുസൃതമായ നടപടികൾ സർക്കാർ സ്വീകരിക്കും. മതനിരപേക്ഷത നെഞ്ചിലേറ്റിയ ചരിത്രമാണ് പട്ടാമ്പി ഗവ. കോളെജിനുള്ളതെന്നും കേരളത്തിന്റെ നവോത്ഥാന രംഗത്തിന് ഒട്ടേറെ സംഭാവനകൾ നൽകാൻ പുന്നേൾരി നമ്പി നീലകണ്ഠ ശർമ ഗവ. സംസ്കൃത കോളജിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാതി വ്യവസ്‌ഥ തീവ്രമായി നിലനിന്നിരുന്ന കാലത്ത് അവർണനെ സംസ്കൃതം പഠിപ്പിച്ച കലാലയമാണിതെന്നും അദേഹം പറഞ്ഞു. വിദ്യാർഥികളുടെ നീണ്ട കാലത്തെ ആവശ്യമായ എംഎസ്സി സുവോളജി കോഴ്സിന് സർക്കാർ അംഗീകാരം ന കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

33 കോടി ചെലവിൽ നിർമിക്കുന്ന സയൻസ് ബ്ലോക്ക്, 10 കോടി ചെലവുള്ള ഇൻഡോർ സ്റ്റേഡിയം, മൂന്ന് കോടിയുടെ സംസ്കൃത ബ്ലോക്ക് എന്നിവയുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വിദ്യാർഥികൾക്ക് ഉറപ്പ് നൽകി. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി.

എം.ബി രാജേഷ് എംപി ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.കെ ശശി എംഎൽഎ, നഗരസഭാ ചെയർമാൻ കെ.പി വാപ്പുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോൾ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ജില്ലാ കളക്ടർ പി.മേരിക്കുട്ടി, മുൻ എംഎൽഎ സി.പി മുഹമ്മദ്, കോളജ് പ്രിൻസിപ്പൽ പി.എൻ അനിതകുമാരി, നഗരസഭാ അംഗം കെ.ടി റുഖിയ, ബ്ലോക്ക്് പഞ്ചായത്ത് അംഗം എൻ.ഉണ്ണികൃഷ്ണൻ, എൻ.പി വിനയകുമാർ, കെ.എസ്.ബി.എ തങ്ങൾ, സി.എ.എം.എ കരീം, പി.എം വാസുദേവൻ, അഡ്വ. പി. മനോജ്, കോളജ് യൂണിയൻ ചെയർമാൻ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

Related posts