തിരുവനന്തപുരം: പാങ്ങാപ്പാറ അഭിറാം കൊലപാതക കേസിൽ ഇതുവരെ പ്രധാനികളായ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി പ്രായപൂർത്തിയാകാത്ത 17-കാരനെ പൂജപ്പുര ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രായപൂർത്തിയാകാത്തതിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് ഇയാൾ കൊലപാതകം ചെയ്യാൻ ധൈര്യം കാണിച്ചതെന്നാണ് പൊലിസ് പറയുന്നത്. ശ്രീകാര്യം സ്റ്റേഷനിലെ കാപ്പ ലിസ്റ്റിലുള്ള റൗഡിയായ 22കാരൻ ഉമർ മുഫ്താറാണ് രണ്ടാം പ്രതി. കൊലപാതകത്തിന് സഹായം നൽകിയതും ഒളിപ്പിക്കാൻ കൂട്ടുനിന്നതും ഇയാളാണ്.
മണക്കാട് സ്വദേശിനിയായ മൂന്നാം പ്രതി 18 വയസ്സുള്ള ആനന്ദയുടെ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടും ഉപയോഗിച്ചാണ് അഭിറാമിനെ കെണിയിൽപ്പെടുത്തി വിളിച്ചുവരുത്തിയത്. രണ്ടാം പ്രതിയായ ഉമറിന്റെ പെൺസുഹൃത്ത് 22 വയസ്സുള്ള ഐശ്വര്യയാണ് നാലാം പ്രതി. 22കാരിയായ യുവതിയ്ക്ക് കൊലപാതക വിവരം അറിയാമായിരുന്നു. അത് മറച്ചുവെച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഈ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. അതേസമയം പ്രതികളുടെ വീട്ടിൽ പൊലിസ് പരിശോധന നടത്തി.
ഇരട്ടകൊലപാതകത്തിനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്നാണ് പൊലിസിന്റെ നിഗമനം. രണ്ടാമത്തെയാളെ വിളിച്ചുവരുത്താത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ മർദനത്തിലേക്ക് നയിച്ചതെന്നും പൊലിസ് കരുതുന്നു. സംഭവ ദിവസം അഭിറാം വീട്ടിൽ നിന്ന് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 16 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലവിൽ മൂന്ന് പേരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായ ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു. ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന് പരിശോധിക്കും. അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തിയിരുന്നു. നവമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അഭിറാമിന്റെ ഫോൺ തോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു എന്ന പ്രതികളുടെ മൊഴി പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്കൂബ ടീം ഉൾപ്പെടെ എത്തി പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായിരുന്നില്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെത്താൻ മേഖലയിൽ കൂടുതൽ പൊലിസുകാരെ വിന്യസിച്ച് തെരച്ചിൽ നടത്തും.
അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റൊരാളിന്റേതുമായി ഷെയർ ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഭിരാം കൊല്ലപ്പെടുന്നതിന് മുമ്പും കൊല്ലപ്പെട്ടതിനു ശേഷവുമാണ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്. ആരാണ് ഇതിനു പിന്നിലെന്ന് പരിശോധിച്ചു വരികയാണ് അന്വേഷണ സംഘം. ഫോറൻസിക് പരിശോധനയിലൂടെ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വീണ്ടെടുക്കാൻ നടപടി തുടങ്ങി.
അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലിസ്
തിരുവനന്തപുരം: പതിനേഴുകാരന്റെ മരണത്തിൽ പൊലിസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സിറ്റി പൊലിസ് കമ്മീഷണർ അരുൽ ബി. കൃഷ്ണ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന് റിപ്പോർട്ട് നൽകി. അഭിരാമിനെ കാണാനില്ലെന്ന പരാതി രാത്രി പത്തരയോടെയാണ് ലഭിച്ചതെന്നും അന്നുതന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി കേസെടുത്തിരുന്നു.
പൊലിസിൽ പരാതി ലഭിക്കുന്നതിനു മുൻപു തന്നെ അഭിരാം കൊല്ലപ്പെട്ടിരുന്നു. അഭിരാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയായ പതിനേഴുകാരനെ വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ച ശേഷം പുലർച്ചെയോടെ വിട്ടയച്ചു. അഭിരാമിനെ അവസാനമായി വിളിച്ച നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പതിനേഴുകാരന്റെ കാമുകി അനന്തയിലേക്ക് എത്തിയത്. ഇതിലൂടെ കൂട്ടുപ്രതിയായ ഉമറിനെക്കുറിച്ച് വിവരം ലഭിച്ചു. മൂവരെയും ചോദ്യം ചെയ്തതിൽനിന്നാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞതെന്നാണ് കമ്മീഷണർ നൽകിയിരിക്കുന്ന റിപ്പോർട്ട്. അഭിരാമിനെ കാണാതായെന്ന പരാതി ലഭിച്ചത് കൊല്ലപ്പെട്ടതിനുശേഷം മാത്രമായിരുന്നുവെന്നാണ് കമ്മിഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം. സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടോയെന്നും ഗൂഢാലോചനയിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കാണാതായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള തെരച്ചിലും തുടരുകയാണ്.
പ്രതിയായ 17കാരന്റെ മുൻ കാമുകിയുടെ ഇപ്പോഴത്തെ ആൺസുഹൃത്തിനെ ലക്ഷ്യമിട്ടായിരുന്നു ക്രിമിനൽ സംഘം പദ്ധതി തയാറാക്കിയത്. ഇയാളെ നേരിട്ട് സ്ഥലത്തെത്തിക്കാൻ കഴിയാത്തതിനാൽ സുഹൃത്തായ അഭിരാമിനെ കെണിയിൽ പെടുത്തുകയായിരുന്നു. പ്രതികളിലൊരാളായ അനന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ദിവസങ്ങൾക്കു മുമ്പുതന്നെ അഭിരാമിന് സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്ന് ഞായറാഴ്ച വൈകുന്നേരം നാലിനു പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് അഭിരാമിനെ വിളിച്ചുവരുത്തി. ക്രിമിനൽ കേസ് പ്രതിയായ ഉമറും 17കാരനായ പ്രതിയും ഇവിടെ കാത്തുനിന്നിരുന്നു. അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ മർദിച്ച് അവശനാക്കിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കുഴിയിലിട്ട് കരിയിലകൊണ്ടു മൂടി
കൊലപാതകത്തിനു ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ആക്കുളം കായലില്‍ തള്ളാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് പൊലിസിന് ലഭിച്ച വിവരം. എന്നാല്‍ മൃതദേഹവുമായി പോകുന്ന വഴിയില്‍ ആളുകളെ കണ്ടതോടെ ഈ നീക്കം ഉപേക്ഷിച്ചു. തുടര്‍ന്ന് സമീപത്തെ പുരയിടത്തിലെ മതില്‍ക്കെട്ട് തകര്‍ന്ന ഭാഗത്തുണ്ടായിരുന്ന കുഴിയില്‍ മൃതദേഹം ഇട്ട് കരിയിലകൊണ്ട് മൂടുകയായിരുന്നു.
കൊലപാതകത്തിനു പിന്നിലെ ആസൂത്രണവും തെളിവു നശിപ്പിക്കാനുള്ള ശ്രമവും അന്വേഷണസംഘം ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്.
സംഭവത്തില്‍ പൊലിസിനു നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പാങ്ങപ്പാറയില്നിന്ന് അഭിരാമിനെ പ്രതി കൂട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തേക്ക് ഇരുവരും പോകുന്നതിന്റെ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. പ്രതികളുടെ മൊഴികളും ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും തമ്മില്‍ ഒത്തുനോക്കിയാണ് പൊലിസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. കൊലപാതകത്തിനു ശേഷമുള്ള നീക്കങ്ങളും മൃതദേഹം ഒളിപ്പിച്ച രീതിയും സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
ചാക്ക് എന്തിന് ?
കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഫലമല്ലെന്നും അതിനു പിന്നില്‍ നേരത്തേ ആസൂത്രണം നടന്നിരുന്നുവെന്നുമാണ് അന്വേഷണത്തില്‍ പുറത്തുവരുന്ന വിവരം. കൊലപാതകം ലക്ഷ്യമല്ലായിരുന്നെങ്കിൽ ചാക്ക് എന്തിനു കൊണ്ടുവന്നു എന്ന ചോദ്യം ഉയരുന്നു. കാമുകനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ കാമുകൻ വരാതിരിക്കുകയും കാമുകന്റെ സുഹൃത്തായ അഭിരാം കൊലപാതകസംഘത്തോടു എതിരിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതോടെ കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ മൊബൈല്‍ ഫോണ്‍ ഒന്നാം പ്രതിയായ 17 വയസുകാരന് വാങ്ങി വീട്ടില്‍ കൊണ്ടുപോയിരുന്നു. ഈ ഫോണുപയോഗിച്ച് രണ്ടു ദിവസത്തോളം കുറ്റകൃത്യത്തിനുള്ള പദ്ധതി തയാറാക്കിയെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. ആനന്ദയുടെ പേരില്‍ അഭിരാമിന് സന്ദേശങ്ങള്‍ അയച്ചും പ്രതികള്‍ നീക്കങ്ങള്‍ നടത്തിയെന്നാണ് വിവരം.
ഒന്നാം പ്രതിയുടെ മുന്‍ കാമുകിയുടെ പുതിയ കാമുകനെയായിരുന്നു കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നത്. ഇയാളെ അഭിരാമിനെക്കൊണ്ട് സ്നേഹത്തോടെ വിളിച്ചുവരുത്തുകയായിരുന്നു പദ്ധതിയുടെ ഭാഗം. ആനന്ദയുടെ പേരില്‍ സന്ദേശങ്ങള്‍ അയച്ചതും ഇതിന്റെ ഭാഗമായിരുന്നുവെന്നാണ് പൊലിസ് സംശയിക്കുന്നത്. എന്നാല്‍ ലക്ഷ്യമിട്ടിരുന്ന 17 വയസുകാരനെ അഭിരാം വിളിച്ചെങ്കിലും ഇയാള്‍ സ്ഥലത്തെത്തിയില്ല. വീണ്ടും വിളിക്കാന്‍ പ്രതികള്‍ അഭിരാമിനോട് ആവശ്യപ്പെട്ടെങ്കിലും അതിന് അഭിരാം തയാറായില്ല. ഇതോടെയാണ് അഭിരാമും ഒന്നാം പ്രതിയും തമ്മില്‍ വാക്കേറ്റമുണ്ടായതെന്നാണ് അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം. തുടര്‍ന്ന് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
കൂടുതൽ പ്രതികൾ?
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നു കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ 17 വയസുകാരനെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 10 വരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. രണ്ടാം പ്രതി കല്ലമ്പള്ളി പുതുവല്‍വീട്ടില്‍ ഉമര്‍ മുഫ്താര്‍ (22) കാപ്പ കേസിലടക്കം പ്രതിയാണ്. മൂന്നാം പ്രതി മണക്കാട് ശ്രീവരാഹം സ്വദേശിനിയായ ആനന്ദ (18) ആണ്. ഒന്നും രണ്ടും പ്രതികളെ കഴിഞ്ഞ ദിവസം പൊലിസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം, കൊലപാതകത്തില്‍ പ്രതികളുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അഭിരാമിനെ സ്ഥലത്തേക്ക് എത്തിച്ചതിലും കൊലപാതകത്തിലും മൃതദേഹം ഒളിപ്പിച്ചതിലും ആരൊക്കെ എന്തെല്ലാം പങ്കുവഹിച്ചു എന്നതിലാണ് പ്രധാനമായും അന്വേഷണം. ആനന്ദയുടെ ഫോണില്‍നിന്ന് അയച്ച സന്ദേശങ്ങള്‍, പ്രതികള്‍ തമ്മിലുള്ള ആശയവിനിമയം, കൊലപാതകത്തിനു മുമ്പും ശേഷവുമുള്ള യാത്രകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരുടെ പങ്കാളിത്തം കണ്ടെത്തിയാല്‍ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
അഭിരാമിന് കണ്ണീരോടെ വിടനൽകി നാട്
കഴക്കൂട്ടം: ഹൃദയം നുറുങ്ങുന്ന നൊമ്പരം ബാക്കിയാക്കി അഭിരാം മടങ്ങി. പ്രണയപ്പക നിറഞ്ഞവരുടെ കൊലക്കെണിയിൽ ജീവൻ നഷ്ടപ്പെട്ട അഭിരാമിന്റെ (17) മൃതദേഹം ഇന്നലെ വൻ ജവാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. മൃതദേഹം പാങ്ങപ്പാറ സംഗീത നഗറിലെ വാടക വീട്ടിൽ എത്തിച്ചപ്പോൾ അമ്മയുടെയും സഹോദരിയുടെയും നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
“നിന്റെ അച്ഛനും അമ്മയും അടുത്തുണ്ട്, കണ്ണു തുറക്കെടാ മോനേ… എന്നു പറഞ്ഞ് വാവിട്ട് നിലവിളിച്ച അമ്മ ധർമജയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും പ്രയാസപ്പെട്ടു. ദുബായിൽ ഹോസ്റ്റൽ വാർഡനായി ജോലിനോക്കുന്ന ധർമജ മകന്റെ മരണം വിവരമറിഞ്ഞ് തിങ്കളാഴ്ചയാണ് നാട്ടിലെത്തിയത്.
അഭിരാമിന്റെ സഹോദരി ഗൾഫിൽ നഴ്സായി ജോലി ചെയ്യുന്ന ആര്യ നാട്ടിൽ എത്താൻ വൈകിയതിനെത്തുടർന്നാണ് സംസ്കാരം നീട്ടിവച്ചത്. മൃതദേഹം ഇന്നലെ 10.30ഓടെ വീട്ടിൽ എത്തിക്കുമ്പേഴേക്കും വാടകവീടും പരിസരവും നാട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹപാഠികളെയുംകൊണ്ട് നിറഞ്ഞിരുന്നു.
മർദനമേറ്റ് കരുവാളിച്ച മകന്റെ മൃതദേഹം കണ്ടശേഷം നിലവിളിയോടെ ബോധരഹിതയായ ധർമജയെ ബന്ധുക്കൾ താങ്ങിയെടുത്തു. മകന്റെ മൃതദേഹം കണ്ട പിതാവ് മധുകുമാറും ദുഃഖം താങ്ങാനാവാതെ തളർന്നു.
(വീണ്ടും വായിക്കാം.. ദീപിക മുഖപ്രസംഗം…)
ഇന്നലത്തെ മഴയിൽ മുളച്ചതല്ല കഴക്കൂട്ടത്തെ കുട്ടിക്കുറ്റവാളികൾ
തിരുവനന്തപുരം കഴക്കൂട്ടത്ത് 17കാരനും പെൺകുട്ടിയുമൊക്കെ ഉൾപ്പെട്ട ക്രൂര കൊലപാതകം കേരളത്തെ നടുക്കിക്കളഞ്ഞു. ഒന്നാമത്, അത് അത്രയ്ക്കു ക്രൂരമായിരുന്നു. രണ്ടാമത്, അവർ തങ്ങളുടെ മുറ്റത്തേക്കും വരുമോ എന്ന ആധി. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. പ്രായപൂർത്തിയാകാത്തവർ സഹപാഠികളെപ്പോലും മർദിക്കുകയും കൊല്ലുകയും ചെയ്യുന്ന വാർത്തകളും ദൃശ്യങ്ങളും പെരുകി. എന്താണു കാരണം? കുട്ടികളിൽ അക്രമവാസന വർധിക്കുകയാണോ അതോ വെറുപ്പും വിദ്വേഷവും അക്രമവാസനയും വർധിച്ച സമൂഹത്തിന്റെ ഭാഗമായി കുട്ടികളും മാറുകയാണോ എന്നതുകൂടി പഠിക്കേണ്ടതുണ്ട്. സഹജീവികളെയും ഇതര മതസ്ഥരെയും കൊല്ലാൻപോലും ആഹ്വാനം ചെയ്യുന്നവർ സംരക്ഷിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറി. മയക്കുമരുന്നും അതിലും മാരകമായ സിനിമകളും സമൂഹമാധ്യമ ഉള്ളടക്കങ്ങളും സുലഭമായി. കലാലയ അക്രമങ്ങളെ വിദ്യാർഥിപോരാട്ടങ്ങളാക്കി പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയാപചയം… മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രായപൂർത്തിയാകാത്ത പ്രതി തനിച്ചല്ല. മാതാപിതാക്കളും സമൂഹവും സർക്കാരും പങ്കാളികളാണ്. സർക്കാരിനെയും സമൂഹത്തെയും കൂട്ടുപ്രതികളാക്കുന്നത് പ്രായോഗികമല്ല. പക്ഷേ, പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്നവർ വരുത്തിവയ്ക്കുന്ന അപകടങ്ങളിൽ മാതാപിതാക്കളെ പ്രതിയാക്കുന്നതിൽ തെറ്റില്ലെങ്കിൽ, നായ കടിച്ചാൽ ഉടമ ഉത്തരവാദിയാകുമെങ്കിൽ, കുട്ടിക്കൊലയാളികളുടെ മാതാപിതാക്കളെയും വളർത്തുദോഷമുണ്ടെങ്കിൽ പ്രതിചേർക്കേണ്ടതുണ്ട്.
കഴക്കൂട്ടത്ത് പ്രണയത്തർക്കത്തിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊല്ലുകയായിരുന്നെന്നാണ് പൊലിസ് പറയുന്നത്. മൃതദേഹം ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞു. താനാണ് അതു ചെയ്തതെന്നു പറയുന്ന കുറ്റവാളിക്കു പക്ഷേ, പ്രായപൂർത്തിയായില്ലെന്ന സാങ്കേതികത്വം തുണയാകുന്നു. സമീപകാലത്തെ നിരവധി കേസുകൾ ഇപ്രകാരം, പ്രായപൂർത്തിയായവരേക്കാൾ കഠിനഹൃദയത്തോടെ കൊന്നും കൊല്ലാക്കൊല ചെയ്തും മുന്നേറുന്ന കുട്ടികളുടേതാണ്. സ്കൂൾ വിദ്യാർഥികൾ സഹപാഠികളെ ഗുണ്ടാസംഘങ്ങളേക്കാൾ പൈശാചികതയോടെ മർദിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്. ആലപ്പുഴ കരുവാറ്റയിൽ ഓഗസ്റ്റ് 15ന് ഒരാളെ കൊന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് 13 വയസുള്ള പെൺകുട്ടിയും കൂട്ടുകാരുമാണ്. ജനുവരിയിലാണ് കൽപ്പറ്റയിൽ, ഇരട്ടപ്പേരു വിളിച്ചതിന് വിജനമായ സ്ഥലത്ത് വിളിച്ചുവരുത്തി 16കാരനെ ഒരു സംഘം ഇടിച്ചും ചവിട്ടിയും വീഴ്ത്തിയത്. നാലു പ്രതികളിൽ മൂന്നും പ്രായപൂർത്തിയാകാത്തവർ. ആ പ്രതികളിലൊരാളുടെ നേതൃത്വത്തിൽ 10-ാം ക്ലാസുകാരനെ മർദിക്കുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നിരുന്നു. അതിനു ദിവസങ്ങൾക്കു മുന്‍പാണ് എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരിൽ ഒന്‍പതാം ക്ലാസുകാരനെ സഹപാഠികൾ പൊലിസ് എയ്ഡ് പോസ്റ്റിലിട്ടു മർദിക്കുന്ന ദൃശ്യം പുറത്തുവന്നത്. വയനാട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും നടത്തിയതിൽ മനുഷ്യാവകാശ വായാടികളായ വിദ്യാർഥിസംഘടനയുടെ പ്രവർത്തകരുമുണ്ട്. കലാലയങ്ങളിലെ നിരവധിയായ അക്രമങ്ങൾ എഴുതിത്തള്ളുന്നത് രാഷ്ട്രീയ മുഖംമൂടി ധരിപ്പിച്ചാണ്.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച്, 2024ൽ കുട്ടികൾ ഉൾപ്പെട്ട 4,878 കേസുകളുണ്ട്. ഇത് ഓരോ വർഷവും കൂടുകയാണ്. കലാലയ രാഷ്ട്രീയത്തിലെ സംഘടിത മുഷ്ക്, മദ്യം-മയക്കുമരുന്ന്, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ അക്രമ ഉള്ളടക്കങ്ങൾ, യുവാക്കളുടെ ആരാധനാപാത്രങ്ങളായ നടീനടന്മാർ ഉൾപ്പടെ അക്രമികളായി അഭിനയിക്കുന്ന മലയാളത്തിൽ ഉൾപ്പടെയുള്ള അക്രമസിനിമകൾ, മദ്യപാനവും കുറ്റകൃത്യങ്ങളും മഹത്വവത്കരിക്കുന്ന സീരിയലുകൾ, കുടുംബങ്ങളിലെ അച്ചടക്കമില്ലായ്മ, ബന്ധങ്ങളിലെ തകർച്ച തുടങ്ങിയവ അവഗണിക്കരുത്. അതായത്, കുട്ടികളെ കുറ്റവാളികളാക്കുന്ന സാഹചര്യങ്ങൾ സജീവമാണ്. അതേസമയം, ഇന്ത്യയിലെ ആകെ കുറ്റകൃത്യങ്ങളിൽ കുട്ടികൾ ഉൾപ്പെടുന്നവ ഒന്നുമുതൽ 1.2 ശതമാനം വരെയാണ്. ഇതു വർധിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മുകളിൽ പറഞ്ഞതുപോലെ വെറുപ്പും പകയും വിദ്വേഷവും വർധിക്കുന്ന സമൂഹത്തിന്റെ ഭാഗമാണ് കുട്ടികൾ എന്നതുകൂടിയാണ്. സർക്കാരും സമൂഹവും പരോക്ഷമായും മാതാപിതാക്കൾ പ്രത്യക്ഷമായും സഹകുറ്റവാളികളാണെന്നു പറയേണ്ടിവരും.
മറ്റൊരു ചോദ്യം, കൊടും കുറ്റുവാളികൾക്ക് കുട്ടികളെന്ന പരിഗണന നൽകണമോയെന്നതാണ്. 2012 ഡിസംബർ 16ന് ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 23കാരിയായ വിദ്യാർഥിനി ക്രൂരമായ കൂട്ടബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായി കൊല്ലപ്പെട്ടതോടെ ഈ ചർച്ച സജീവമായിരുന്നു. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു. നിർഭയ കേസിന്റെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് 2015ൽ ഭേദഗതി ചെയ്തു. അതനുസരിച്ച്, 16 മുതൽ 18 വയസ് വരെയുള്ള കുട്ടികൾ കൊലപാതകം, ക്രൂരമായ ബലാത്സംഗം തുടങ്ങിയ അതീവഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെട്ടാൽ അവരെ മുതിർന്ന വ്യക്തിയായി കണ്ട് വിചാരണ ചെയ്യാം. കുറ്റം ചെയ്ത കുട്ടിയുടെ മാനസികവും ശാരീരികവുമായ പക്വത പരിശോധിച്ചശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. കുട്ടികളിലെ കുറ്റകൃത്യങ്ങളിൽ ഏകദേശം 77.7 ശതമാനവും 16 മുതൽ 18 വരെ പ്രായമുള്ളവരാണ്. കുട്ടികളിൽ ഗൗരവമേറിയ കുറ്റങ്ങൾ ചെയ്യുന്നതും ഈ പ്രായത്തിലുള്ളവരാണ്. അതായത്, 16നും 18നും ഇടയിലുള്ള കൊടുംകുറ്റവാളികൾക്കു പരിരക്ഷ കിട്ടണമെന്നില്ല.
കുറ്റവാളികളായ കുട്ടികളെ ശിക്ഷിക്കുമോ ഇല്ലയോ എന്നതിനൊപ്പം അവർ കുറ്റവാളികളാകാനുള്ള സാധ്യതകളെ പിഴുതെറിയുക എന്നതും മുഖ്യമാണ്. ആദ്യം മാതാപിതാക്കളുടെയും തുടർന്ന് അധ്യാപകരുടെയും കൺമുന്നിലാണ് ഓരോ കുട്ടിയും മയക്കുമരുന്നടിമകളോ ‘കൊടിപിടിച്ച’ തെമ്മാടിയോ സ്വഭാവവൈകല്യമുള്ളവരോ കുറ്റവാളികളോ ആയി രൂപാന്തരപ്പെടുന്നത്. ശിക്ഷയും ശിക്ഷണവും ഫലവത്താകാതെ വരുന്പോൾ, അത്തരം കുട്ടികളെ കൗൺസലിംഗ്, ബിഹേവിയർ തെറാപ്പി ഉൾപ്പടെയുള്ള ശാസ്ത്രീയ ചികിത്സകൾക്കു വിധേയമാക്കേണ്ടതുണ്ട്. മൊബൈൽ ഫോണുകളിലെ അക്രമദൃശ്യങ്ങളും ഗെയിമുകളും നിയന്ത്രിക്കാൻ വിവിധ രാജ്യങ്ങൾ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രായപരിധി നിർബന്ധമാക്കിക്കഴിഞ്ഞു. അവർക്കു വലുത് സമൂഹമാധ്യമങ്ങളുടെ ലാഭമല്ല, സ്വന്തം കുട്ടികളുടെ ജീവിതമാണ്. കഴക്കൂട്ടത്തേത് ഉൾപ്പടെ ഒരു കുട്ടിക്കുറ്റവാളിയും ഇന്നലത്തെ മഴയത്തങ്ങു മുളച്ചതല്ല. അവർ ആയുധത്തിനു മൂർച്ച കൂട്ടിയത് മാതാപിതാക്കളുടെയും അധ്യാപകരുടെയും നിർവികാരതയുടെ ഉരകല്ലിലാണ്. അവരും കൂട്ടുപ്രതികളാണ്. കോടതികളുടെ ശിക്ഷയ്ക്കു മുന്‍പ് കുട്ടികളുടെ കാവൽക്കാർ ശിക്ഷണവും ചികിത്സയും ഉറപ്പാക്കിയാൽ വരാനിരിക്കുന്ന ഇരകളെങ്കിലും രക്ഷപ്പെടും.
